.
.jpg)
ലാഭം കുറഞ്ഞാലെന്ത്, എറ്റേണലിന് നിത്യാനന്ദം! വിപണി മൂല്യം മൂന്നു ലക്ഷം കോടി, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങി നിഫ്റ്റി-50 വമ്പന്മാര്‍ പിന്നില്‍
സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ ഏറ്റേണലിന്റെ (Eternal Ltd) ഓഹരി വില ഇന്ന് 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി പുതിയ റെക്കോഡ് രേഖപ്പെടുത്തി. കമ്പനിക്ക് കീഴിലുള്ള ബ്ലിങ്കിറ്റിന്റെ (Blinkit) മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് നിക്ഷേപകരില്‍ ആവേശമുയര്‍ത്തിയത്. കമ്പനിയുടെ മൊത്തം ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ വരുമാനത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി.
ലാഭത്തിലിടിവ്, വരുമാനം ഉയര്‍ന്നു
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 25 കോടിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 253 കോടി രൂപയായിരുന്നു ലാഭം. ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും വരുമാനം 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 7,167 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്.
ഫുഡ് ഡെലിവറി വിഭാഗമായ സൊമാറ്റോയുടെ വരുമാനം 2,261 കോടി രൂപയായപ്പോള്‍ ബ്ലിങ്കിറ്റിന്റെ വരുമാനം 2400 കോടി രൂപയായി.
ലക്ഷ്യവില പുതുക്കി ബ്രോക്കറേജുകള്‍
ഇന്ന് ഓഹരി വില ബി.എസ്.ഇയില്‍ 311.6 രൂപ പിന്നിട്ടതോടെ എറ്റേണലിന്റെ വിപണി മൂല്യം (market capitalization) മൂന്ന് ലക്ഷം കോടി രൂപ പിന്നിട്ടു. നിഫ്റ്റി 50യിലെ വമ്പന്‍മാരായ വിപ്രോ (Wipro), ടാറ്റ മോട്ടോഴ്‌സ്(Tata Motors), ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ (JSW Steel), നെസ്‌ലെ ഇന്ത്യ (Nestle India), ഏഷ്യന്‍ പെയിന്റ്‌സ് (Asian Paints) എന്നിവയെയും മറികടന്നാണ് എറ്റേണലിന്റെ ഈ നേട്ടം.
ബ്ലിങ്കിറ്റിന്റെ മികച്ച പ്രവര്‍ത്തനകണക്കുകളുടെ പശ്ചാത്തലത്തില്‍ ബ്രോക്കേറജുകള്‍ ഓഹരിയുടെ ലക്ഷ്യ വില പുതുക്കിയതും ഓഹരിക്ക് നേട്ടമായി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് ഓഹരിക്ക് 400 രൂപ ലക്ഷ്യവിലയിട്ടുകൊണ്ട് 'വാങ്ങുക' (Buy) എന്ന റേറ്റിംഗ് നല്‍കിയിട്ടുണ്ട്.
മറ്റൊരു ബ്രോക്കറേജായ എംകേ (Emkay Global) ലക്ഷ്യവില 14 ശതമാനം ഉയര്‍ത്തി 330 രൂപയാക്കി. നേരത്തെ 290 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. വാങ്ങുക എന്ന റേറ്റിംഗും ബ്രോക്കറേജ് നിലനിലനിര്‍ത്തിയിട്ടുണ്ട്.
ജെ.എം ഫിനാന്‍ഷ്യലും ഓഹരിക്ക് മുന്നേറ്റ സാധ്യതയാണ് പ്രവചിക്കുന്നത്.
ഓഹരിയുടെ മുന്നേറ്റം
കഴിഞ്ഞ 12 മാസത്തിനിടെ എറ്റേണല്‍ ഓഹരി വില 33 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. 2025ല്‍ ഇതു വരെ ഓഹരിയുടെ മുന്നേറ്റം 7 ശതമാനമാണ്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല
Comment Form