.
.jpg)
റീട്ടെയിൽ നിക്ഷേപകർക്ക് കൂടി താങ്ങാനാകുന്ന നിലവാരത്തിലേക്ക് വിപണി വില താഴ്ത്തിക്കൊണ്ട് വരിക, അതുവഴി ഓഹരി ഉടമകളുടെ അടിത്തറ വിശാലമാക്കുക, ലിക്വിഡിറ്റി ഉയർത്തുക, കമ്പനിയുടെ ഭാവി സാധ്യതയെ കുറിച്ചുള്ള ആത്മവിശ്വാസം പ്രകടമാക്കുക എന്നിങ്ങനെ, വിവിധ കാരണങ്ങളാലൊക്കെ ഒരു ഓഹരിയുടെ വിഭജനം അഥവാ സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുന്നതിനായി ലിസ്റ്റഡ് കമ്പനികൾ മുൻകൈ എടുക്കാറുണ്ട്. 2025 ജൂലൈ 21 മുതൽ 25 വരെയുള്ള പുതിയ വ്യാപാര ആഴ്ചയിൽ സ്പ്ലിറ്റ് ചെയ്യാൻ പോകുമെന്ന് അറിയിച്ചിട്ടുള്ളത് രണ്ട് സ്മോൾ ക്യാപ് ലിസ്റ്റഡ് കമ്പനികളാണ്. ഈ ഓഹരികളുടെ അടിസ്ഥാനപരമായ ഘടകങ്ങളും സ്പ്ലിറ്റ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും നോക്കാം.
ആർഐആർ പവർ ഇലക്ട്രോണിക്സ്
വൈദ്യുതി വിതരണ, പ്രസരണ മേഖലകളിലേക്ക് ആവശ്യമായ വിവിധതരം ഉത്പന്നങ്ങളും ഉപകരണങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ആർഐആർ പവർ ഇലക്ട്രോണിക്സ് ലിമിറ്റഡ് (BSE: 517035). നേരത്തെ രത്തൻഷാ ഇന്റർനാഷണൽ റെക്ടിഫൈയർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. പ്രധാനമായും പവർ സെമികണ്ടക്ടേഴ്സ് ആണ് കമ്പനി നിർമിക്കുന്നത്. നിലവിൽ 2,083 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. പ്രൊമോട്ടറിന്റെ കൈവശം ആർഐആർ പവർ ഇലക്ട്രോണിക്സിന്റെ 61.5 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്. വിദേശ നിക്ഷേപകർക്ക് 8.62 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
നേരിയ തോതിലെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങാതെ ഫൈനൽ ഡിവിഡന്റ് കൈമാറുന്ന സ്മോൾ ക്യാപ് ഓഹരിയുമാണിത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ആർഐആർ പവർ ഇലക്ട്രോണിക്സ് നേടിയ വരുമാനം 26.46 കോടി രൂപയും അറ്റാദായം 2.43 കോടിയും വീതമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1,358 രൂപയിലായിരുന്നു ആർഐആർ പവർ ഇലക്ട്രോണിക്സ് ഓഹരിയുടെ ക്ലോസിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയിൽ 17 ശതമാനം വർധന ഈ സ്മോൾ ക്യാപ് ഓഹരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജൂലൈ 11-ന് നിക്ഷേപകർക്കായി 1:1 അനുപാതത്തിൽ ബോണസ് ഷെയറും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഐആർ പവർ ഇലക്ട്രോണിക്സ് ഓഹരി വിഭജിക്കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റോക്ക് സ്പ്ലിറ്റ് - 10:2
ഈയാഴ്ചയിൽ 10:2 അനുപാതത്തിൽ സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം നടത്തുമെന്ന് ആർഐആർ പവർ ഇലക്ട്രോണിക്സ് കമ്പനിയുടെ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം, നിലവിൽ 10 രൂപ മുഖവിലയുള്ള ഒരു ആർഐആർ പവർ ഇലക്ട്രോണിക്സ് ഓഹരി, രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറ്റപ്പെടുമെന്ന് സാരം. ഓഹരിയുടെ ഫേസ് വാല്യൂ താഴ്ത്തുന്നതിന് അനുസൃതമായി ഓഹരിയുടെ വിപണി വിലയിലും മാറ്റം പ്രതിഫലിക്കുന്ന എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയുമായി നിശ്ചയിച്ചിരിക്കുന്നത് 2025 ജൂലൈ 25 ആണ്. ഇതോടെ റെക്കോഡ് തീയതിയിൽ ആർഐആർ പവർ ഇലക്ട്രോണിക്സ് ഓഹരികൾ സ്വന്തമായുള്ള നിക്ഷേപകർക്ക്, അവരുടെ കൈവശമുള്ള മൊത്തം ഓഹരിയുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടാകും.
കെൽടൺ ടെക് സൊല്യൂഷൻസ്
വിവിധതരം ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ വികസനത്തിലും ഐടി മേഖലയിലെ കൺസൾട്ടൻസി സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്മോൾ ക്യാപ് കമ്പനിയാണ് കെൽടൺ ടെക് സൊല്യൂഷൻസ് ലിമിറ്റഡ് (BSE: 519602, NSE: KELLTONTEC). യുഎസ്, യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. നിലവിൽ 1,367 കോടി രൂപയാണ് കെൽടൺ ടെക് സൊല്യൂഷൻസിന്റെ വിപണി മൂല്യം. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനി നേടിയ വരുമാനം 286 കോടിയും അറ്റാദായം 19 കോടിയും വീതമാണ്. പ്രൊമോട്ടറിന്റെ കൈവശം കെൽടൺ ടെക് സൊല്യൂഷൻസിന്റെ 41 ശതമാനം ഓഹരി വിഹിതമാണ് ഉള്ളത്. ഇതിന്റെ അഞ്ചിലൊന്ന് ഭാഗം പ്ലെഡ്ജ് ചെയ്തിട്ടുണ്ട് അഥവാ ഈടായി നൽകിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച 140 രൂപയിലായിരുന്നു കെൽടൺ ടെക് സൊല്യൂഷൻസ് ഓഹരിയുടെ ക്ലോസിങ് രേഖപ്പെടുത്തിയത്.
സ്റ്റോക്ക് സ്പ്ലിറ്റ് - 5:1
ഈയാഴ്ചയിൽ 5:1 അനുപാതത്തിൽ കെൽടൺ ടെക് സൊല്യൂഷൻസിന്റെ സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിപ്പ്. ഇതുപ്രകാരം, ഇപ്പോൾ അഞ്ച് രൂപ ഫേസ് വാല്യൂ ഉള്ള ഒരു കെൽടൺ ടെക് സൊല്യൂഷൻസ് ഓഹരി, ഒരു രൂപ ഫേസ് വാല്യൂ ഉള്ള അഞ്ച് ഓഹരികളായി മാറ്റപ്പെടുമെന്ന് സാരം. ഓഹരിയുടെ ഫേസ് വാല്യൂ താഴ്ത്തുന്നതിന് ആനുപാതികമായി ഓഹരിയുടെ വിപണി വിലയിലും മാറ്റം സംഭവിക്കുന്ന എക്സ്-സ്പ്ലിറ്റ് തീയതിയും റെക്കോഡ് തീയതിയുമായി നിശ്ചയിച്ചിരിക്കുന്നത് 2025 ജൂലൈ 25 ആകുന്നു. ഇതോടെ റെക്കോഡ് തീയതിയിൽ കെൽടൺ ടെക് സൊല്യൂഷൻസ് ഓഹരികൾ സ്വന്തമായുള്ള നിക്ഷേപകർക്ക്, അവരുടെ കൈവശമുള്ള മൊത്തം ഓഹരിയുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടാകും.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല
Comment Form