യു.എസ് വ്യാപാര കരാറിന്റെ അനിശ്ചിതത്വത്തില്‍ വിപണി
.jpg)
കാര്യമായ നേട്ടം രേഖപ്പെടുത്താനാകാതെ ഫ്ലാറ്റായാണ് വിപണി ഇന്ന് ക്ലോസ് ചെയ്തത്. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയുന്നത്, ഇന്ത്യയുടെ വ്യാവസായിക ഉൽപാദന വളർച്ചയിലെ ഇടിവ് തുടങ്ങിയവ വിപണി നഷ്ടത്തിലാകാനുളള കാരണങ്ങളാണ്.
ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകൾ നിലവില്‍ നിര്‍ണായക ഘട്ടത്തിലാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ 26 ശതമാനം താരിഫ് ഇന്ത്യക്ക് ഏർപ്പെടുത്താനുളള സാധ്യതകളാണ് ഉളളത്. കരാറിലെത്തുന്നതിൽ പരാജയപ്പെടുന്നത് ഉയർന്ന വ്യാപാര താരിഫുകളിലേക്ക് നയിച്ചേക്കാമെന്നും, ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലകളെ ബാധിക്കുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു. 831.50 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. തുടർച്ചയായ എഫ്.ഐ.ഐ വിൽപ്പന വിപണിയിലെ പണലഭ്യതയില്‍ സമ്മർദ്ദം ചെലുത്തുകയും സൂചികയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്നു.
മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപാദന വളർച്ച ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. വ്യാവസായിക ഉൽപാദന സൂചിക (IIP) 1.2 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇത് 2.6 ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.3 ശതമാനവും ആയിരുന്നു. ആഗോള അനിശ്ചിതത്വം മൂലം പ്രധാന വ്യവസായ മേഖലകൾ സമ്മർദ്ദത്തിലാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) വ്യക്തമാക്കുന്നത്. ഇതുമൂലം നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതും വിപണിയുടെ ഉണര്‍വില്ലായ്മയ്ക്ക് കാരണമാണ്. വലിയ അസ്ഥിരത നിറഞ്ഞ സെഷനാണ് ചൊവ്വാഴ്ച വിപണി സാക്ഷ്യം വഹിച്ചത്.
സെൻസെക്സ് 0.11 ശതമാനം (90.83 പോയിന്റ്) ഉയർന്ന് 83,697.29 ലും നിഫ്റ്റി 0.10 ശതമാനം ( 24.75 പോയിന്റ്) ഉയർന്ന് 25,541.80 ലും ക്ലോസ് ചെയ്തു.
നിഫ്റ്റി മീഡിയ 1.31 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. എഫ്.എം.സി.ജി 0.69 ശതമാനത്തിന്റെയും റിയല്‍റ്റി 0.24 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.
എഫ്‌എംസിജി, മിഡ്, സ്മോൾ ക്യാപ് സൂചികകള്‍ കാര്യമായ വില്‍പ്പന സമ്മർദ്ദം നേരിട്ടു.
നിഫ്റ്റി പി.എസ്.യു ബാങ്ക് 0.71 ശതമാനത്തിന്റെയും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.49 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ഫാർമസി, ഡിജിറ്റൽ ഹെൽത്ത്, മരുന്നു വിതരണം തുടങ്ങിയ ബിസിനസുകൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിച്ചുകൊണ്ട് പുതിയ ലിസ്റ്റഡ് സ്ഥാപനം സൃഷ്ടിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഓഹരി 3.63 ശതമാനം ഉയര്‍ന്നു. 2026 സാമ്പത്തിക വർഷത്തിൽ അതിന്റെ പ്രതീക്ഷിത വരുമാനം 16,300 കോടി രൂപയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ലക്ഷ്യം 25,000 കോടി രൂപയുമാണ്. ഓഹരി 7,505 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഭാരത് ഇലക്ട്രോണിക്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
തിങ്കളാഴ്ച (ജൂൺ 30) നടന്ന സ്ഫോടനത്തിൽ 44 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത തെലങ്കാന പ്ലാന്റ് താൽക്കാലികമായി അടച്ചുപൂട്ടിയതിനെത്തുടർന്ന് സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഓഹരികൾ 5.76 ശതമാനം ഇടിഞ്ഞു. സംഭവത്തെത്തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 17 ശതമാനത്തിന്റെ ഇടിവാണ് ഓഹരിക്കുണ്ടായത്. ഓഹരി 46 രൂപയിലാണ് ക്ലോസ് ചെയ്തത്.
ആക്സിസ് ബാങ്ക്, നെസ്‌ലെ, എറ്റേണൽ, ട്രെന്റ്, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
മുത്തൂറ്റ് മൈക്രോഫിന്‍ നേട്ടത്തില്‍
കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ബുധനാഴ്ച നേട്ടത്തിലായിരുന്നു. കേരള ആയുര്‍വേദ 6.20 ശതമാനം ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 598 രൂപയിലാണ് ക്ലോസ് ചെയ്തത്. കടപ്പത്രങ്ങള്‍, ഓഹരികള്‍ തുടങ്ങിയവയിലൂടെ 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഫെഡറൽ ബാങ്ക് ഓഹരി 2.07 ശതമാനം ഉയര്‍ന്നു. പോപ്പീസ് കെയര്‍ (4.97%), മുത്തൂറ്റ് മൈക്രോഫിന്‍ (3.04%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 1.31 ശതമാനത്തിന്റെയും ഫാക്ട് 0.41 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 1.18 ശതമാനം നഷ്ടത്തില്‍ 415 രൂപയില്‍ ക്ലോസ് ചെയ്തു. എ.വി.ടി (-0.88%), മണപ്പുറം ഫിനാന്‍സ് (-0.46%), ഹാരിസണ്‍സ് മലയാളം (-0.42%) തുടങ്ങിയ ഓഹരികള്‍ക്കും ചൊവ്വാഴ്ച ശോഭിക്കാനായില്ല.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form