സ്വര്‍ണം കയറുന്നു
.jpg)
പശ്ചിമേഷ്യയിലെ വെടിനിർത്തൽ തുടരുന്നു. ഇറാനും അമേരിക്കയും അടുത്തയാഴ്ച ആണവവിഷയത്തിൽ ചർച്ച തുടങ്ങും. കരാറിനുള്ള സാധ്യത യുഎസ് പ്രസിഡൻ്റ് എടുത്തു പറഞ്ഞതു വിപണികളിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. എങ്കിലും വിപണികൾ അത്യുത്സാഹത്തിനു മുതിരുന്നില്ല.
ഇന്ന് ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ജപ്പാൻ മാത്രമാണു കാര്യമായ മുന്നേറ്റം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്ര മാറ്റമേ കാണിക്കുന്നുള്ളു. ക്രൂഡ് ഓയിൽ വില താഴ്ന്നു തുടരുന്നു. 68 ഡോളറിനു സമീപമാണ് ബ്രെൻ്റ് ഇനത്തിൻ്റെ വില.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,285 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,327 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നും നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. നാറ്റാേ രാജ്യങ്ങൾ പ്രതിരോധച്ചെലവ് ജിഡിപിയുടെ അഞ്ചുശതമാനം ആക്കാൻ തീരുമാനിച്ചതു പ്രതിരോധ ഓഹരികളെ ഉയർത്തി. യൂറോയും പൗണ്ട് സ്റ്റെർലിംഗും കറൻസി വിപണിയിൽ ഗണ്യമായി ഉയർന്നു. ബ്രിട്ടീഷ് പെട്രോളിയ (ബിപി)ത്തെ വാങ്ങാൻ ഷെൽ ശ്രമിക്കുന്നതായ റിപ്പോർട്ടിൽ ബിപി 10 ശതമാനം കുതിച്ചു. ഷെൽ റിപ്പോർട്ട് നിഷേധിച്ചു. ബിപി ഓഹരി 1.6 ശതമാനം നേട്ടവുമായി ക്ലോസ് ചെയ്തു.
ബുധനാഴ്ച യുഎസ് വിപണി ഭിന്ന ദിശകളിലായി. ഡൗ ജോൺസ് കാൽ ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.31 ശതമാനം ഉയർന്നു. എസ് ആൻഡ് പി നാമമാത്ര മാറ്റവുമായി അവസാനിച്ചു. സൂചികയ്ക്ക് 6147.43 എന്ന റെക്കോർഡ് കൈയെത്തും ദൂരത്താണ്. ഇറാനുമായി ആണവചർച്ച നടത്തി കരാർ ഉണ്ടാക്കും എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വിപണികൾക്കു പ്രതീക്ഷ നൽകുന്നു.
നിർമിത ബുദ്ധിയുടെ ഓളത്തിൽ എൻവിഡിയ ഇന്നലെ 4.3 ശതമാനം ഉയർന്ന് റെക്കോർഡ് കുറിച്ചു. കമ്പനി 3.77 ലക്ഷം കോടി (ട്രില്യൻ) ഡോളർ വിപണിമൂല്യത്തിൽ എത്തി വീണ്ടും ലോകത്തിലെ ഏറ്റവും വിലപ്പെട്ട കമ്പനിയായി. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന് 3.66 ട്രില്യൻ ഡോളർ ആണു മൂല്യം.
ഡൗ ജോൺസ് 106.59 പോയിൻ്റ് (0.25%) താഴ്ന്ന് 42,982.43 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 0.02 പോയിൻ്റ് (0.00%) കുറഞ്ഞ് 6092.16 ൽ അവസാനിച്ചു. നാസ്ഡാക് 61.02 പോയിൻ്റ് (0.31%) കയറി 19,973.55 ൽ ക്ലോസ് ചെയ്തു.യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലായി. ജപ്പാനിൽ നിക്കൈ ഒരു ശതമാനം ഉയർന്നു. കൊറിയൻ, ഓസ്ട്രേലിയൻ വിപണികൾ കാര്യമായ മാറ്റം കാണിച്ചില്ല. ഹോങ് കോങ് വിപണി താഴ്ന്നു. ചൈനീസ് വിപണിയും ചെറിയ താഴ്ചയിലാണ്.
നേട്ടം കുറിച്ച് ഇന്ത്യൻ വിപണി
പശ്ചിമേഷ്യൻ വെടിനിർത്തൽ നിലനിൽക്കുന്നത് ഇന്നലെ ഇന്ത്യൻ വിപണിയെ ഉയർത്തി. മുഖ്യ സൂചികകൾ ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക ചെറിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ
സ്മോൾ ക്യാപ് സൂചിക ഒന്നര ശതമാനം കുതിച്ചാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 200.40 പോയിൻ്റ് (0.80%) ഉയർന്ന് 25,244.75 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 700.40 പോയിൻ്റ് (0.85%) നേട്ടത്തോടെ 82,755.51 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 159.25 പോയിൻ്റ് (0.28%) ഉയർന്ന് 56,621.15 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 259.30 പോയിൻ്റ് (0.40 ശതമാനം) നേട്ടത്തോടെ 58,881.70 ൽ എത്തി.സ്മോൾ ക്യാപ് 100 സൂചിക 275.10 പോയിൻ്റ് (1.49 ശതമാനം) കയറി 18,727.50 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2779 ഓഹരികൾ ഉയർന്നപ്പോൾ 1262 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2135 എണ്ണം. താഴ്ന്നത് 775 ഓഹരികൾ.
എൻഎസ്ഇയിൽ 51 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 23 എണ്ണമാണ്. 106 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 45 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വിൽപന തുടരുകയാണ്. അവർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2306.10 കാേടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2018.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്നലെയും 25,300 എത്തുന്നതിൽ പരാജയപ്പെട്ടു എങ്കിലും കഴിഞ്ഞ ഒക്ടോബറിനു ശേഷം ആദ്യമായി 25,200 കടന്നു ക്ലോസ് ചെയ്യാൻ കഴിഞ്ഞു. സാങ്കേതിക ഘടകങ്ങൾ അനുകൂലമായതിനാൽ ഇന്ന് 25,300 കടക്കാൻ സാധിച്ചേക്കും. ആ നിലവാരത്തിൽ നിന്നാൽ 25,500- 25,600 മേഖലയിലേക്കു പ്രയാണം തുടങ്ങാനാകും. ഇന്നു നിഫ്റ്റിക്ക് 25,155 ഉം 25,075 ഉം പിന്തുണയാകും. 25,270 ലും 25,355 ലും തടസം ഉണ്ടാകാം.
സ്വർണം കയറുന്നു
പശ്ചിമേഷ്യ ഒട്ടൊന്നു ശാന്തമായി. യുദ്ധം പ്രമാണിച്ചു സ്വർണത്തിലേക്കു നടന്ന നിക്ഷേപകരുടെ പ്രയാണം അവസാനിച്ചു. എങ്കിലും സ്വർണം താഴുന്നില്ല. ഇനി അമേരിക്കൻ ഫെഡ് എന്നു പലിശ കുറയ്ക്കും എന്നതിലേക്കാണു നോട്ടം. ഫെഡ് തീരുമാനത്തെ സ്വാധീനിക്കാവുന്ന സാമ്പത്തിക വിവരങ്ങൾ വരുന്നതനുസരിച്ചു വിപണി ഇറങ്ങുകയും കയറുകയും ചെയ്യും.
ഇന്നലെ സ്വർണം ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം ചെറിയ നേട്ടത്തോടെ ഔൺസിന് 3338.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3336 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ബുധനാഴ്ച സ്വർണം പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയായി.
വെള്ളിവില ഔൺസിന് 36.28 ഡോളറിലേക്കു കയറി. വ്യാവസായിക ആവശ്യം വർധിക്കുന്നതാണു കാരണം.
പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴ്ന്നു. ചെമ്പ് 1.22 ശതമാനം ഇടിഞ്ഞു ടണ്ണിന് 9809.50 ഡോളറിൽ എത്തി. അലൂമിനിയം O.34 ശതമാനം താഴ്ന്ന് 2567.35 ഡോളർ ആയി. നിക്കലും സിങ്കും ലെഡും ഉയർന്നപ്പോൾ ടിൻ താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.06 ശതമാനം കുറഞ്ഞ് 159.50 സെൻ്റ് ആയി. കൊക്കോ 3.27 ശതമാനം താഴ്ന്നു ടണ്ണിന് 8879.28 ഡോളറിൽ എത്തി. കാപ്പി 3.41 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 1.06 ശതമാനം കയറി.
ഡോളർ താഴ്ച തുടരുന്നു
പശ്ചിമേഷ്യൻ വെടിനിർത്തലിനെ തുടർന്നു താഴ്ന്ന യുഎസ് ഡോളർ വീണ്ടും പിന്നോട്ടു മാറി. ബുധനാഴ്ച സൂചിക 97.68 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 97.47 ലാണ്. കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1685 ഡോളറിലും പൗണ്ട് 1.369 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 144.75 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.273 ശതമാനത്തിലേക്ക് താഴ്ന്നു.ബുധനാഴ്ച രൂപ അൽപം നഷ്ടത്തിലായി. ഡോളർ 10 പൈസ കയറി 86.07 രൂപയിൽ ക്ലോസ് ചെയ്തു. ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
മാറ്റമില്ലാതെ ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 67.90 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 65.24 ഡോളറിലും മർബൻ ക്രൂഡ് 68.08 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില നാമമാത്രമായി കയറി.
ക്രിപ്റ്റോ കറൻസികൾ കയറ്റം തുടരുന്നു. ബിറ്റ് കോയിൻ 1,07,500 ഡോളറിൽ എത്തി. ഈഥർ 2430 ഡോളറിനു താഴെയായി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Article By
T C Mathew
Author : Rajesh EA
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
www.sharemarketinmalayalam.com
Comment Form