ഇടിവ് 733 പോയിന്റ്! നിക്ഷേപ മൂല്യ ചോര്‍ച്ച ₹6.73 ലക്ഷം കോടി
.jpg)
തുടര്‍ച്ചയായ ആറാംദിനവും തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ഇന്ത്യന്‍ ഓഹരി വിപണി. മരുന്ന് ഇറക്കുമതി തീരുവ 100 ശതമാനമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമെല്ലാം വിപണിയെ പിന്നോട്ടടിച്ചു.
ഇന്ന് സെന്‍സെക്‌സ് 0.90 ശതമാനം അല്ലെങ്കില്‍ 733.22 പോയിന്റാണ് താഴ്ന്നത്. വ്യാപാരം അവസാനിപ്പിച്ചത് 80,426.46 പോയിന്റില്‍. നിഫ്റ്റിയാകട്ടെ 236.15 (0.95 ശതമാനം) ഇടിഞ്ഞ് 24,654.70ല്‍ ക്ലോസ് ചെയ്തു.
ഇന്നൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിലുണ്ടായ കുറവ് 6.73 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 450.61 ലക്ഷം കോടി രൂപയായി താഴ്ന്നു.
വിദേശ നിക്ഷേപകര്‍ സെപ്റ്റംബറിലും വില്പന മൂഡിലാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം നീണ്ടുനില്‍ക്കുന്നത്. സെപ്റ്റംബറില്‍ മാത്രം 13,450 കോടി രൂപയാണ് അവര്‍ വിറ്റൊഴിവാക്കിയത്. ഈ വര്‍ഷം ഇതുവരെ വില്പന 1,44,085 കോടി രൂപ കടന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടര്‍ന്നാല്‍ വിപണിയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകുന്ന വിദേശ നിക്ഷേപകര്‍ ഹോംഗ്‌കോംഗ്, തായ്‌വാന്‍, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യന്‍ വിപണികളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്.
കേരള കമ്പനികളുടെ പ്രകടനം
ഒട്ടുമിക്ക കേരള കമ്പനികളും ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. സിഎസ്ബി ബാങ്ക് (0.31), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (289.70) തുടങ്ങി ചുരുക്കം ചില മുന്‍നിര ഓഹരികളൊഴികെ മറ്റൊന്നും നേട്ടമുണ്ടാക്കിയില്ല. കാസര്‍ഗോഡ് പുതിയ ആശുപത്രി ആരംഭിക്കുന്ന വാര്‍ത്തകള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികളെ തുണച്ചില്ല. 2.91 ശതമാനമാണ് ഓഹരികള്‍ താഴ്ന്നത്. മണപ്പുറം ഫിനാന്‍സ് 1.49, മുത്തൂറ്റ് ഫിനാന്‍സ് 1.11 ശതമാനവും ഇടിഞ്ഞു.
ഫാര്‍മയില്‍ വന്‍ ഇടിവ്
സൂചികകളെല്ലാം ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. ട്രംപ് ഇഫക്ടില്‍ ഫാര്‍മ ഓഹരികള്‍ 2.14 ശതമാനത്തിന് മുകളിലാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.19, മെറ്റല്‍ 1.93 ശതമാനവും ഇടിഞ്ഞു. ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം പൂര്‍ണമായും ഉപയോക്താക്കളിലേക്ക് എത്തിയോയെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.
ജിഎസ്ടി കുറവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ എഫ്എംസിജി സെക്ടര്‍ താരതമ്യേന ഇന്ന് പിടിച്ചുനിന്നു. 0.47 ശതമാനമാണ് ഇടിവ്. ഓട്ടോ (1.02), പി.എസ്.യു ബാങ്ക് (1.78) ഓഹരികള്‍ക്കും വലിയ ഇടിവ് നേരിടേണ്ടി വന്നു.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form