35000 കോടിയുടെ ധനസമാഹരണം നടത്തും
മുത്തൂറ്റ് ഫിനാൻസ് രണ്ടാം പാദഫലങ്ങളിൽ മികച്ച നേട്ടം. അറ്റാദായം, അറ്റ പലിശ വരുമാനം, ഗോൾഡ് ലോൺ ബിസിനസ് എന്നിവയെല്ലാം കുതിപ്പ് നേടി. ധനസമാഹരണത്തിനും കമ്പനി ഒരുങ്ങുന്നുണ്ട്
മുത്തൂറ്റ് ഫിനാൻസ് , രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം YoY അടിസ്ഥാനത്തിൽ ഇരട്ടിയോളം വർധന നേടി. വരുമാനത്തിലും, അറ്റപലിശ വരുമാനത്തിലും കേരളം ആസ്ഥാനമായ എൻ.ബി.എഫ്.സി മികച്ച നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് നിലയിലുള്ള സ്വർണ്ണപ്പണയ വായ്പാ വിതരണമാണ് കമ്പനി നടത്തിയിരിക്കുന്നത്. 35,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തുമെന്നും മുത്തൂറ്റ് ഫിനാൻസ് അറിയിച്ചിട്ടുണ്ട്
സെപ്റ്റംബർ പാദഫലങ്ങൾ
2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,345 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 1,251 കോടി രൂപയേക്കാൾ 87.5% വർധനയാണിത്. സമാന കാലയളവിൽ അറ്റ പലിശ വരുമാനം (NII) 2,519 കോടി രൂപയിൽ നിന്ന് 58.5% വർധനയോടെ 3,992 കോടിയായി മാറി.
2025 സെപ്റ്റംബർ പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ കൺസോളിഡേറ്റഡ് അടിസ്ഥാനത്തിലുള്ള ലോൺ AUM, കഴിഞ്ഞ വർഷത്തെ സമാന പാദത്തേക്കാൾ 42% ഉയർന്ന് 1.47 ലക്ഷം കോടി രൂപയായി മാറി. ഇത് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന നിലയാണ്. കഴിഞ്ഞ വർഷവും, അതിന് മുമ്പത്തെ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോൾഡ് ലോൺ AUM 45% വർധിച്ച് 1.24 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
2025 സെപ്റ്റംബർ പാദത്തിൽ 13,183 കോടി രൂപയുടെ ഗോൾഡ് ലോണാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതും കമ്പനിയെ സംബന്ധിച്ച് റെക്കോർഡാണ്. സെപ്റ്റംബറിലെ കിട്ടാക്കടം 776 കോടി രൂപയാണ്. ഇത് തൊട്ടു മുമ്പത്തെ 2025 ജൂൺ പാദത്തിലെ 495 കോടി രൂപയേക്കാൾ അധികമാണ്. എന്നാൽ ഗ്രോസ് ലോൺ അസറ്റ് പരിഗണിക്കുമ്പോൾ ഇത് 0.06% എന്ന തോതിലാണ്.
ധനസമാഹരണം
കമ്പനിയുടെ ബോർഡ് നിലവിൽ അധികമായി 500 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസിന്റെ ഉപസ്ഥാപനമായ മുത്തൂറ്റ് മണി വഴിയാണ് നിക്ഷേപം നടത്തുക. നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ വഴി 35,000 കോടി രൂപയുടെ മൂലധന സമാഹരണത്തിനും ബോർഡ് അംഗീകാരം നൽകി.
ഓഹരിയുടെ പ്രകടനം
മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ വ്യാഴാഴ്ച്ച 2.05% നേട്ടത്തോടെ 3,393.1 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരി വിലയിൽ 91.67% വർധനയാണുണ്ടായത്. ഈ വർഷം ഇതു വരെ 58.84% എന്ന തോതിലും വില ഉയർന്നിട്ടുണ്ട്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form