ലിസ്റ്റിംഗ് നേട്ടത്തിന് നിക്ഷേപകർക്ക് അവസരമുണ്ടോ? അനലിസ്റ്റുകൾ പറയുന്നു
കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിങ് കോളിന്റെ ഐ പി ഒ ഇന്നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആങ്കർ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്‌ഷനിൽ ശക്തമായ പങ്കാളിത്തമാണ് കണ്ടത്. ഓഹരി ഒന്നിന് 23 രൂപ നിരക്കിൽ 11.88 കോടി ഓഹരികളാണ് ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചത്. ആങ്കർ ബുക്ക് പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഓഹരിയുടെ ഗ്രെ മാർക്കറ്റ് പ്രീമിയം 50 ശതമാനമാണ്. ഇത് ശക്തമായ ലിസ്റ്റിംഗ് നേട്ടം നൽകുമെന്നാണ് കരുതുന്നത്. എൽ ഐ സി, സൊസൈറ്റി ജനറൽ, കോപ്റ്റ്ഹാൾ മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ്, സിട്രിൻ ഫണ്ട്, എം7 ഗ്ലോബൽ ഫണ്ട്, അസാസ് ഗ്ലോബൽ ഓപ്പർച്യുണിറ്റിസ് ഫണ്ട്, മെയ്ബാങ്ക് സെക്യുരിറ്റീസ്, രാജസ്ഥാൻ ഗ്ലോബൽ സെക്യുരിറ്റീസ് എന്നിങ്ങനെയുള്ള നിക്ഷേപകരാണ് സബ്സ്ക്രൈബ് ചെയ്തത്.
ഡി ഐ ഐകളും ഉയർന്ന താല്പര്യമാണ് ഐ പി ഒ യിൽ പ്രകടമാക്കിയത്. മൊത്തമായി അനുവദിച്ച ഓഹരികളിൽ 7.17 കോടി ഓഹരികളും 8 സ്കീമുകളിലായി 3 ഫണ്ടുകൾക്കാണ് അനുവദിച്ചത്. യു ടി ഐ ഡിവിഡന്റ് യിൽഡ് ഫണ്ട്, യു ടി ഐ മ്യൂച്ചൽ ഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് എന്നിവരാണ് സബ്സ്ക്രൈബ് ചെയ്തത്.
ശക്തമായ ബാലൻസ് ഷീറ്റും, സ്ഥിരമായ ക്യാഷ് ഫ്ളോയും ഐ പി ഒയിലുള്ള നിക്ഷേപക താല്പര്യം ഉയർത്തുന്നുണ്ട്. കൂടാതെ പി എസ യു ഓഹരി എന്ന നിലയിലും കൂടുതൽ സുരക്ഷിതമാണ് എന്ന് നിക്ഷേപകർ കരുതുന്നു.
കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ കമ്പനി, കോക്കിങ് കോളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഭ്യന്തര കൽക്കരി ഉത്പാദനത്തിന്റെ 58 ശതമാനം വിപണി വിഹിതം സ്വന്തമാക്കാൻ സാധിച്ചു. ഏകദേശം 7.91 ബില്യൺ ടണ്ണിന്റെ കോക്കിങ് കോൾ റിസർവ് നിലവിൽ കമ്പനിക്കുണ്ട്.
ജാർഖണ്ഡിലും, വെസ്റ്റ് ബംഗാളിലുമായി 34 ഖനന കേന്ദ്രങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇന്ന് ഐപിഒ ആരംഭിക്കുന്ന കമ്പനി 1071 കോടി രൂപയാണ് സമാഹരിക്കാൻ വേണ്ടിയാണ് വിപണിയിലെത്തുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ വഴി തുക സമാഹരിക്കാനെത്തുന്ന കമ്പനി ഓഹരി ഒന്നിന് 21 -23 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുഖവില 10 രൂപയാണ്. ലോഡ് സൈസ് 600 ഓഹരികളാണ്.
സാമ്പത്തിക പ്രകടനം വിലയിരുത്തിയാൽ 13803 മില്യൺ രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്യാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൺസോളിഡേറ്റഡ് ലാഭം 1564 മില്യൺ രൂപയാണ്. കടരഹിത കമ്പനിയാണ് ഭാരത് കോക്കിങ് കോൾ .
ആനന്ദ് റാത്തിയിലെ അനലിസ്റ്റുകൾ ഓഹരിയുടെ ഐ പി ഒയ്ക്ക് സബ്സ്ക്രൈബ് എന്ന റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. ലിസ്റ്റിംഗ് നേട്ടത്തിന് വേണ്ടി ഐ പി ഒ യിൽ പങ്കെടുക്കാമെന്ന വിലയിരുത്തലാണ് അനലിസ്റ്റുകൾ നടത്തുന്നത്. ഹ്രസ്വ കാല നിക്ഷേപകർക്ക് താത്കാലിക നേട്ടത്തിനായി ഓഹരിയിൽ പൊസിഷൻ എടുക്കാമെന്നും, ദീർഘ കാലനിക്ഷേപകർ കമ്പനിയുടെ പ്രവർത്തന ക്ഷമതയുൾപെടുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചതിനു ശേഷം മാത്രം ഓഹരിയിൽ നിക്ഷേപം നടത്താനും നിർദേശിക്കുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form