ഇന്ത്യയിലെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനികളുടെ റാങ്കിംഗ് വന്നു
ഇന്ത്യൻ കോർപറേറ്റ് ലോകത്തെ 100 വലിയ അൺലിസ്റ്റഡ് കമ്പനികളുടെ (Unlisted Company) ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവന്നു. 2025-ലെ വാർഷിക വരുമാന കണക്കുകൾ അടിസ്ഥാനമാക്കിയാണ് 100 അൺലിസ്റ്റഡ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ മൂന്നാം സ്ഥാനത്ത് ഒരു മലയാളി കമ്പനിയും സ്ഥാനംപിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.
ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ സെക്ടറിലെ ഉപകമ്പനിയായ റിലയൻസ് റീട്ടെയിൽ ആണ് വരുമാനത്തിന്റെ കണക്കിൽ ഇന്ത്യയിലുള്ള ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനി. പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ആണ് രണ്ടാം സ്ഥാനത്ത്. മലയാളിയായ എം.പി അഹമ്മദ് നേതൃത്വം നൽകുന്ന മലബാർ ഗോൾഡ് ആണ് മൂന്നാമത്തെ വലിയ ഇന്ത്യൻ അൺലിസ്റ്റഡ് കമ്പനി.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ സർവീസസും മുൻനിര റിസർച്ച്, ലക്ഷ്വറി പബ്ലിഷിങ് ഗ്രൂപ്പുമായ ഹുറൂൺ ഇന്ത്യയും ചേർന്നാണ്, ഇതുവരെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടാത്തതും ഐ.പി.ഒ (IPO) നടപടികളിലൂടെ കടന്നുപോയിട്ടുമില്ലാത്തതായ വമ്പൻ കോർപറേറ്റ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വാർഷിക വരുമാനം 1,000 കോടി രൂപയിലധികമുള്ള പ്രൈവറ്റ് കമ്പനികളെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്. \'അൺലിസ്റ്റഡ് ജെംസ് 2026\' എന്ന തലക്കെട്ടിലാണ് പുറത്തുവിട്ടിരിക്കുന്നത്.
വാർഷിക വരുമാനം (2025): 5 വലിയ കമ്പനികൾ
റിലയൻസ് റീട്ടെയിൽ - 2,71,227 കോടി (5% വളർച്ച)
ഫ്ലിപ്കാർട്ട് - 83,105 കോടി (17% വളർച്ച)
മലബാർ ഗോൾഡ് & ഡയമണ്ട്സ് - 66,872 കോടി (38% വളർച്ച)
ടാറ്റ ഇലക്ട്രോണിക്സ് - 66,601 കോടി (1652% വളർച്ച)
ടാറ്റ ഡിജിറ്റൽ - 32,188 കോടി (5% വളർച്ച)
ലാഭക്കണക്കിൽ മുന്നിലാര്?
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുൻനിര അൺലിസ്റ്റഡ് കമ്പനികളെല്ലാം ചേർന്ന് 2025 കലണ്ടർ വർഷത്തിൽ മൊത്തം 8.9 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ കമ്പനികൾ ചേർന്ന് 2025-ൽ മൊത്തം കരസ്ഥമാക്കിയ പ്രവർത്തനലാഭം (EBITDA) 1.03 ലക്ഷം കോടി രൂപയാണ്. പ്രവർത്തനലാഭ കണക്കിൽ മുന്നിലുള്ള മൂന്ന് കമ്പനികൾ റിലയൻസ് റീട്ടെയിൽ (22,573 കോടി രൂപ), അദാനി പ്രോപ്പർട്ടീസ് (11,332 കോടി രൂപ), സെറോദ ബ്രോക്കിങ് (5,664 കോടി രൂപ) എന്നിവയാണ്.
ഈ 100 അൺലിസ്റ്റഡ് കമ്പനികളുടെ മൊത്തം അറ്റാദായം (Net Profit) 2023-ലെ 13,000 കോടി രൂപയിൽ നിന്നും 2025-ലേക്ക് എത്തുമ്പോൾ 35,900 കോടി രൂപയായി വർധിച്ചു. ഉപഭോക്തൃ ആവശ്യകത വർധിക്കുന്നതും കമ്പനികളുടെ പ്ര...കമ്പനികളുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെട്ടതുമാണ് അറ്റാദായം കുതിച്ചുയരാൻ സഹായിച്ചത്.
മൊത്തം മൂല്യം 28.5 ലക്ഷം കോടി
രാജ്യത്തെ ഏറ്റവും വലിയ 100 അൺലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യം (Valuation) 28.5 ലക്ഷം കോടി രൂപയായി വർധിച്ചു. നിലവിൽ 12 ലക്ഷം പേർക്കാണ് ഈ കമ്പനികൾ ചേർന്ന് ജോലി നൽകിയിട്ടുള്ളത്. വിശാല സമ്പദ്ഘടനയിൽ അൺലിസ്റ്റഡ് കമ്പനികളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കണക്കുകളാണിവ. അതേസമയം കമ്പനികളുടെ ബാലൻസ് ഷീറ്റും താരതമ്യേന ശക്തമാണ്. 65 ശതമാനം കമ്പനികളുടേയും കടം - ഓഹരി അനുപാതം ഒന്നിൽ താഴെയാണെന്നതും ശ്രദ്ധേയം.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form