സെബിയുടെ കണ്ടെത്തൽ ഇങ്ങനെ
ബാങ്ക് ഓഫ് അമേരിക്ക യ്ക്ക് (BofA) എതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് (SEBI). 2024 വർഷത്തിൽ നടന്ന ആദിത്യ ബിർള സൺലൈഫ് എ.എം.സിയുടെ ഓഹരി വില്പനയിൽ ബാങ്ക് ഓഫ് അമേരിക്ക, മാർക്കറ്റ് റെഗുലേഷൻസ് ലംഘിച്ചതായിട്ടാണ് ആരോപണം. പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ആദിത്യ ബിർള എ.എം.സിയുടെ ഓഹരി വില വ്യാഴാഴ്ച്ച 4% ഇടിവ് നേരിട്ടു. സെബിയുമായി ബാങ്ക് ഓഫ് അമേരിക്ക ഒത്തു തീർപ്പിന് ഒരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്
എന്താണ് സംഭവം?
ആരോപണ വിധേയമായ ഓഹരി വില്പന മാനേജ് ചെയ്തത് ബാങ്ക് ഓഫ് അമേരിക്ക ആയിരുന്നു. ആദിത്യ ബിർള സൺലൈഫ് അസറ്റ് മാനേജ്മന്റിന്റെ 180 മില്യൺ ഡോളറുകളുടെ (1,600 കോടി രൂപയിലധികം) ഓഹരി വില്പനയാണ് നടന്നത്. 2025 ഒക്ടോബർ 30ാം തിയ്യതി തന്നെ, ഇത് സംബന്ധിച്ച് സെബി, ബാങ്ക് ഓഫ് അമേരിക്കയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഓഹരി വില്പനയുമായി ബന്ധപ്പെട്ട അതീവ രഹസ്യാത്മകമായ വിവരങ്ങൾ മെയിൻ ടീമിന് പുറത്തുള്ള ആളുകളിലേക്ക് ലീക്ക് ചെയ്തു എന്നാണ് സെബി കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഇൻസൈഡർ ട്രേഡിങ് റൂളുകളുടെ ലംഘനമാണ്.
സെബിയുടെ കണ്ടെത്തൽ...
2024 ഫെബ്രുവരി 28ാം തിയ്യതി നടന്ന ഓഹരി വില്പന മാനേജ് ചെയ്യാൻ ബാങ്ക് ഓഫ് അമേരിക്കയെ തെരഞ്ഞെടക്കുകയായിരുന്നു. എന്നാൽ മാർച്ച് 18 വരെ ഈ ഡീൽ സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. അതായത് 18 ദിവസങ്ങൾ കൊണ്ട് പബ്ലിക്കായി ലഭ്യമല്ലാത്ത വിവരങ്ങൾ ആക്സിസ് ചെയ്യാൻ, ബാങ്കിന്റെ ഡീൽ കൈകാര്യം ചെയ്യുന്ന ടീമിന് സാധിച്ചു.
ഇക്കാലയളവിൽ ഇതേ ടീം, ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രോക്കിങ് വിഭാഗം, റിസർച്ച് ഡിപ്പാർട്മെന്റ്, ഹോങ്കോങ് ആസ്ഥാനമായ സിൻഡിക്കേറ്റ് ടീം എന്നിവയുടെ ഭാഗമായി പ്രവർത്തിക്കുകയും നിക്ഷേപകരെ സമീപിക്കുകയും ചെയ്തു. രഹസ്യാത്മകതയുള്ള വാല്യുവേഷൻ റിപ്പോർട്ട് നിക്ഷേപകർക്ക് അയച്ചു കൊടുത്തതായും സെബി ആരോപിക്കുന്നു.
ഇന്ത്യയിലെ ഇൻസൈഡർ ട്രേഡിങ് നിയമങ്ങൾ കർശനമാണ്. ഒരു ഡീലിന് വേണ്ടി ഒരിക്കൽ ഒരു ബാങ്കിനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഓഹരിയുമായി ബന്ധപ്പെട്ട സെൻസിറ്റീവായ വിവരങ്ങൾ ഡീൽ ടീമിന് പുറത്തു പോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമമാണ് ബാങ്ക് ഓഫ് അമേരിക്ക ലംഘിച്ചതെന്നാണ് കണ്ടെത്തൽ.
സെറ്റിൽമെന്റിന് ഒരുങ്ങി ബാങ്ക് ഓഫ് അമേരിക്ക?
സെബിയുടെ ആരോപണം ആദ്യം ബാങ്ക് ഓഫ് അമേരിക്ക നിഷേധിച്ചെങ്കിലും തെളിവുകൾ നൽകിയതോടെ ഇത്തരത്തിൽ ആശയ വിനിമയം നടന്നതായി സമ്മതിക്കുകയായിരുന്നു. നിലവിൽ ഈ വിഷയത്തിൽ തെറ്റു പറ്റിയതായി അംഗീകരിക്കാതെ തന്നെ, സെബിയുമായി ബാങ്ക് ഓഫ് അമേരിക്ക സെറ്റിൽമെന്റ് നടത്താൻ ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ട്. ഇത് ഭീമമായ തുക ആവാനാണ് സാധ്യത. ഈ വിഷയത്തിൽ സെബിയുടെ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form