കൊച്ചിൻ ഷിപ്പ്‌യാർഡ്, ഹിന്ദുസ്ഥാൻ കോപ്പർ, ന്യൂജെൻ സോഫ്റ്റ്‌വെയര്‍ നേട്ടത്തില്‍, ടാറ്റാ മോട്ടോഴ്സ് ഇടിവില്‍
 (1).jpg)
രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കുറച്ചു കഴിഞ്ഞു നേട്ടത്തിലേക്കു മാറി. പിന്നീടു താഴ്ന്നു ചാഞ്ചാട്ടമായി.
നിഫ്റ്റി രാവിലെ ആദ്യമണിക്കൂറിൽ 25,003.90 നും 25,092.70 നും ഇടയിൽ ഇറങ്ങിക്കയറി. സെൻസെക്സ് 81,492 നും 81,840 നും ഇടയിൽ സഞ്ചരിച്ചു.
ഓട്ടോ, റിയൽറ്റി എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയർന്നു നീങ്ങി.
ജെഎൽആറിന് സൈബർ ആക്രമണ ഇൻഷ്വറൻസ് എടുക്കാതിരുന്നതിനാൽ ടാറ്റാ മോട്ടോഴ്സിന് 200 കോടി ഡോളറിൻ്റെ ബാധ്യത വന്നു. ഇതു ടാറ്റാ മോട്ടോഴ്സ് ഓഹരിയെ രണ്ടു ശതമാനത്തോളം താഴ്ത്തി.
വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സിന് 5436 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി.
ഇൻഷ്വറൻസ് കമ്പനികൾ ഇടനിലക്കാർക്കുള്ള കമ്മീഷൻ കുറയ്ക്കാൻ ഐആർഡിഎഐ നിർദേശം നൽകിയതിനെ തുടർന്ന് പിബി ഫിൻടെക് ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്നു. ഇന്നലെ നാലു ശതമാനം ഇടിഞ്ഞതാണ്.
ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കാൻ വലിയ ഓർഡർ ലഭിച്ചതിനെ തുടർന്നു ന്യൂജൻ സോഫ്റ്റ് വേർ എഴു ശതമാനം കുതിച്ചു. ടിസിഎസിൻ്റെ ബൽജിയൻ സബ്സിഡിയറിയാണ് കരാർ നൽകിയത്. ഈ വർഷം ഇതുവരെ 25 ശതമാനത്തിലധികം ഇടിഞ്ഞ ഓഹരിയാണ് ന്യൂജൻ.
പ്രതിരോധ ഓഹരികൾ ഇന്നു നേട്ടത്തിലാണ്. കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, എച്ച്എഎൽ, ബെൽ, ഭെൽ, ബിഡിഎൽ, ഐഡിയ ഫോർജ്, ഡാറ്റാ പാറ്റേൺസ്, പരസ് ഡിഫൻസ്, അസ്ട്ര മൈക്രോവേവ് തുടങ്ങിയവ ഉയർന്നു. ഷിപ്പിംഗ് മേഖലയുടെ വികസനത്തിന് 70,000 കോടി രൂപയുടെ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത് കൊച്ചിൻ ഷിപ്പ് യാർഡിനെ മൂന്നരയും ഗാർഡൻ റീച്ചിനെ അഞ്ചും ശതമാനം ഉയർത്തി. മസഗോൺ ഡോക്ക് രണ്ടു ശതമാനം കയറി.
ഡിക്സൺ ടെക്നോളജീസിനു സ്വിസ് ബാങ്ക് യുബിഎസ് 23,000 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. മോട്ടിലാൽ ഓസ്വാൾ 22,300 ഉം നൊമുറ 21,154 ഉം രൂപയാണു ലക്ഷ്യവില ഇട്ടത്.
മോട്ടിലാൽ ഓസ്വാൾ എസ്ബിഐക്ക് ആയിരവും പഞ്ചാബ് നാഷണൽ ബാങ്കിന് 130 ഉം രൂപ ലക്ഷ്യവില നിശ്ചയിച്ചു. യഥാക്രമം 15-ഉം 17-ഉം ശതമാനം നേട്ടമാണു പ്രതീക്ഷ.
ചെമ്പുവില ലോകവിപണിയിൽ ഉയരുന്ന സാഹചര്യത്തിൽ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി അഞ്ചു ശതമാനം കുതിച്ചു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ താഴ്ന്ന് 88.62 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 89 രൂപയ്ക്കു മുകളിൽ എത്തുമെന്നു കണക്കാക്കി പലരും ഷോർട്ട് പൊസിഷൻ എടുത്തിരുന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3733 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ ഇടിഞ്ഞ് 83,920 രൂപയായി.
ക്രൂഡ് ഓയിൽ കയറ്റം നിർത്തി പിന്നോട്ടു മാറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 69.02 ഡോളറിലേക്കു താഴ്ന്നിട്ട് 69.10ലേക്കു കയറി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form