നിലവിലെ റാലി അവസാനിച്ചിട്ടില്ലെന്ന് വിലയിരുത്തൽ
.jpg)
വിപണിയിലെ ഒരുപക്ഷെ നിക്ഷേപകരെ നിരാശപെടുത്തിയ ഓഹരികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പേടിഎം ഓഹരികളാകും. ഐപിഒ വിലയിൽ നിന്ന് വലിയ വില്പന സമ്മർദ്ദം നേരിട്ട ഓഹരി ഇപ്പോഴും ആ വില മറികടക്കാനാകാതെ തന്നെയാണ് തുടരുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇത്രയും വർഷമായിട്ടും കാര്യമായ മുന്നേറ്റം ഓഹരിയിൽ പ്രകടമായിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി റിക്കവറിയുടെ സൂചനകൾ ഓഹരി നൽകുന്നുണ്ട്. ഓഹരി വിലയിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിച്ചുകൊണ്ട് ടാർഗറ്റ് വില ഉയർത്തുകയാണ് അനലിസ്റ്റുകൾ.
ലിസ്റ്റിംഗ് മുതൽ ഓഹരി വിപണിയിൽ നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയ ഓഹരിയാണ് പേടിഎം. സംഭവ ബഹുലമായിരുന്നു ഓഹരിയുടെ യാത്ര. ഇപ്പോഴിതാ വീണ്ടും ഓഹരി വാർത്തകളിൽ ഇടം നേടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരിയുടെ പ്രകടനം വിലയിരുത്തുമ്പോൾ നല്ലൊരു മുന്നേറ്റത്തിനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഈ മാസം 5 ആം തിയതിയാണ് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയായ 1296 രൂപയിലേക്ക് എത്തിയത്. ഈ വർഷം ഏപ്രിൽ മുതൽക്കുള്ള പ്രകടനം വിലയിരുത്തിയാൽ ഓഹരിയിൽ അപ്പ് ട്രെൻഡ് തന്നെയാണ് കാണുന്നത്.
ഓഹരിക്ക് ഇനിയും മുന്നേറ്റ സാധ്യതയുണ്ട് എന്നാണ് പ്രമുഖ ബ്രോക്കറേജായ ജെഫേരിസ് അഭിപ്രായപ്പെടുന്നത്. ഓഹരിക്ക് ബൈ ശുപാർശ നൽകി കൊണ്ട് ടാർഗറ്റ് വില ഉയർത്തിയിട്ടുണ്ട്. ഇതിനു മുൻപ് 1370 രൂപയാണ് ടാർഗറ്റ് വിലയാണ് നൽകിയിരുന്നത്. ഇത്തവണ 1420 രൂപ വരെ പോയേക്കാം എന്നാണ് ജെഫറീസ് അഭിപ്രായപ്പെടുന്നത്. നിലവിലെ വിലയിൽ നിന്നും 21 ശതമാനത്തിന്റെ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ പ്രവർത്തന ചിലവ് കുറഞ്ഞതിനാൽ എബിറ്റെട അനുമാനങ്ങൾ ഉയർത്തി. എബിറ്റെട 9-14 ശതമാനം വരെ രേഖപ്പെടുത്താൻ സാധിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മാനേജ്‌മെന്റ് മീറ്റിൽ അറിയിച്ചത് കമ്പനിക്ക് കൂടുതൽ കൂടുതൽ ലാഭത്തിലേക്ക് ഉയരാൻ സാധിച്ചിട്ടുണ്ട് എന്നാണ്. ജൂൺ പാദത്തിൽ 122 കോടി രൂപയുടെ ലാഭം കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലിസ്റ്റ് ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിൽ ലാഭത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ഒരു പരിമിതി ഉള്ളത് മറ്റു വരുമാനം ഉയർന്നതാണ് ലാഭത്തിൽ പിന്തുണ നൽകിയത് എന്നാണ്. അതായത് അവരുടെ പ്രധാന ബിസിനസിൽ നിന്നുമല്ലാതെ ഉള്ള വരുമാനമാണ് തുണച്ചത്. ഇത് എപ്പോഴും ഉണ്ടാകണമെന്നില്ല. മാത്രമല്ല ചെയുന്ന ബിസിനസ് എന്താണോ അതിൽ നിന്നുമുള്ള വരുമാനം അല്ലെങ്കിൽ ലാഭം കൈവരിക്കുമ്പോഴാണ് കമ്പനിയുടെ കാര്യക്ഷമത കൂടുതൽ അളക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞ ജൂൺ പാദത്തിൽ കമ്പനിക്ക് 839 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കമ്പനി വളർച്ചയുടെ പാതയിലാണ് എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
ഈ അടുത്താണ് കമ്പനി യുപിഐയിൽ പോസ്റ്റ് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം വെൽത്ത് സെഗ്മെന്റ് കൂടി അവതരിപ്പിച്ചിരുന്നു. ഇതിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കണക്കാക്കുന്നു.
ജെഫരിസ് കൂടാതെ മോർഗൻ സ്റ്റാൻലി ഓഹരിയിൽ കവറേജ് എടുത്തിരുന്നു. എന്നാൽ ബ്രോക്കറേജ് ഓഹരിക്ക് ഈക്വൽ വെയിറ്റ് എന്ന റേറ്റിംഗ് ആണ് നൽകിയത്. ഓഹരിക്ക് 1175 രൂപയാണ് ടാർഗറ്റ് വില നൽകിയിട്ടുള്ളത്. നിലവിലെ വിലയിൽ നിന്നും കുറവ് ഉണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. ഈ ബ്രോക്കറേജ് ഉൾപ്പെടെ 18 അനലിസ്റ്റുകൾ ഓഹരിക്ക് കവറേജ് നൽകിയിട്ടുണ്ട്. ഇതിൽ 9 അനലിസ്റ്റുകളാണ് ഓഹരി വില കയറും എന്ന് പ്രതീക്ഷിക്കുന്നത്. 5 അനലിസ്റ്റുകൾ കൈവശമുള്ള നിക്ഷേപകർ അത് തുടരാൻ നിർദേശിക്കുന്നു. എന്നാൽ 4 അനലിസ്റ്റുകൾ സെൽ എന്ന ശുപാർശ നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച 4 ശതമാനത്തോളം നഷ്ടമാണ് ഓഹരിയിൽ ഉണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി 53 ശതമാനത്തിന്റെ മുന്നേറ്റം ഓഹരിയിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ഐപിഒ വിലയായ 2150 രൂപയ്ക്ക് താഴെ തന്നെയാണ് ഓഹരി വില തുടരുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form