Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

.

.

വിദേശ നിക്ഷേപകർ വീണ്ടും സജീവം, വിപണി കുതിച്ചു; തീരുവ വിഷയത്തിൽ വലിയ ആശ്വാസം വരുന്നു; പവലിനെ മാറ്റാൻ ട്രംപിൻ്റെ കുതന്ത്രം; ഏഷ്യൻ വിപണികൾ കയറുന്നു



വിദേശ നിക്ഷേപകർ ഇന്നലെ വലിയ തോതിൽ ഓഹരി വാങ്ങിയത് ഇന്ത്യൻ വിപണിക്ക് കുതിപ്പ് പകർന്നു. ഇന്നും നേട്ടം തുടരും എന്നാണു ബുള്ളുകൾ കരുതുന്നത്. 

അമേരിക്കൻ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും തീരുവ വിഷയത്തിൽ അമേരിക്ക വിട്ടുവീഴ്ചയ്ക്കു തയാറാകുന്നതും ഇന്നലെ യുഎസ് വിപണികളെ ഉയർത്തി. അതിൻ്റെ ചുവടുപിടിച്ച് ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഇന്ത്യൻ വിപണി തുടർച്ചയായ നാലാം ദിവസവും കുതിപ്പ് പ്രതീക്ഷിക്കുന്നു.


വ്യാപാര കരാർ ഉണ്ടാക്കാത്ത രാജ്യങ്ങൾക്കു ജൂലൈ എട്ടിനു ശേഷം പകരച്ചുങ്കം ചുമത്തുന്നത് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നീട്ടിവയ്ക്കും എന്ന പ്രഖ്യാപനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമായി. ഇന്ത്യൻ സംഘം രണ്ടു ദിവസത്തെ വ്യാപാരകരാർ ചർച്ചയ്ക്കായി ഇന്നലെ വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്.

പലിശ കുറയ്ക്കാൻ വിസമ്മതിക്കുന്ന ജെറോം പവലിനെ ഫെഡ് ചെയർമാൻ പദവിയിൽ നിന്നു പുറത്തു ചാടിക്കാൻ  ട്രംപ് നീക്കം നടത്തുന്നതായ റിപ്പോർട്ടം വിപണിക്കു സന്തോഷം പകരുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,697.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,740 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നും നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 


വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച പൊതുവേ നേട്ടത്തിലാണ് അവസാനിച്ചത്. ഖനന, പ്രതിരോധ ഓഹരികൾ ഉയർന്നു. യൂറോയും പൗണ്ട് സ്റ്റെർലിംഗും സ്വിസ് ഫ്രാങ്കും കറൻസി വിപണിയിൽ വീണ്ടും ഉയർന്നു. ജപ്പാനിലെ കാർഘടക നിർമാണകമ്പനി പയനിയറിനെ തായ് വാനിലെ കാറുക്സ് കമ്പനി 110 കോടി ഡോളറിനു വാങ്ങി. 

വ്യാഴാഴ്ച യുഎസ് വിപണി മികച്ച മുന്നേറ്റം നടത്തി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്താൻ പ്രഖ്യാപിച്ച അവധിയായ ജൂലൈ എട്ട്, ഒൻപത് തീയതികൾ നീട്ടും എന്നു വെെറ്റ് ഹൗസ് വക്താവ് പറഞ്ഞതിൻ്റെ ആശ്വാസം വിപണിയിൽ ഉണ്ടായി. 


സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അടുത്ത മേയിൽ വിരമിക്കാനിക്കെ പിൻഗാമിയെ ഈ മാസങ്ങളിൽ പ്രഖ്യാപിക്കാൻ പ്രസിഡൻ്റ് ട്രംപ് ഉദ്ദേശിക്കുന്നതായ റിപ്പോർട്ടുകൾ പ്രചരിച്ചു. അങ്ങനെ വന്നാൽ പവൽ രാജിവയ്ക്കേണ്ട സാഹചര്യം വരുമെന്നാണ് കരുതപ്പെടുന്നത്.

അമേരിക്കയുടെ ജനുവരി - മാർച്ച് ഒന്നാം പാദത്തിലെ ജിഡിപി 0.5 ശതമാനം കുറഞ്ഞതായി പുതിയ കണക്ക്. 0.2 ശതമാനം കുറഞ്ഞു എന്നായിരുന്നു ആദ്യകണക്ക്. ട്രംപിൻ്റെ തീരുവകൾ ഭയന്ന് ഇറക്കുമതി വർധിപ്പിച്ചതും ജനങ്ങൾ ചെലവഴിക്കാൻ മടിച്ചതുമാണ് കാരണം.

തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകൾ 2.44 ലക്ഷം വർധിക്കുമെന്നു കരുതിയ സ്ഥാനത്ത് 2.36 ലക്ഷമേ കൂടിയുള്ളൂ.


ഇവയെല്ലാം വിപണിയെ ഉയരാനാണു സഹായിച്ചത്. ജിഡിപി കുറഞ്ഞതും പവൽ തെറിക്കുന്നതും പലിശ കുറയ്ക്കൽ നേരത്തേ ആക്കാൻ കാരണമാകുമെന്നു വിപണി കണക്കുകൂട്ടി. പ്രതിരോധ ചെലവ് വർധിപ്പിക്കുന്ന നാറ്റോ തീരുമാനവും കയറ്റത്തിനു സഹായിച്ചു.

എസ് ആൻഡ് പി 500 സൂചിക ക്ലോസിംഗിൽ റെക്കോർഡ് തിരുത്തിയെങ്കിലും ഇൻട്രാ ഡേ റെക്കോർഡ് ഏതാനും പോയിൻ്റ് മുകളിലായി ശേഷിക്കുന്നു.

ഡൗ ജോൺസ് 404.41 പോയിൻ്റ് (0.94%) കുതിച്ച് 43,386.84 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 48.86 പോയിൻ്റ് (0.80%) ഉയർന്ന് 6141.02 ൽ അവസാനിച്ചു. നാസ്ഡാക് 194.36 പോയിൻ്റ് (0.97%) കയറി 20,167.91 ൽ ക്ലോസ് ചെയ്തു.


യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഉയർച്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.04 ഉം  നാസ്ഡാക് 0.02 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ ഒന്നര ശതമാനം ഉയർന്നു. കൊറിയൻ വിപണി കാര്യമായ മാറ്റം കാണിച്ചില്ല. ഹോങ് കോങ്, ചൈനീസ് വിപണികൾ ചെറിയ നേട്ടത്തിലായി.

കുതിച്ചു കയറി ഇന്ത്യൻ വിപണി 
അമേരിക്ക പലിശ കുറയ്ക്കൽ നേരത്തേ ആക്കാൻ വഴികൾ തെളിയുന്നതും വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലും വമ്പൻ ഓഹരികളുടെ വൻ കുതിപ്പും ഇന്നലെ ഇന്ത്യൻ വിപണിയെ വലിയ നേട്ടത്തിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 2.2ഉം റിലയൻസ് 1.9ഉംശതമാനം ഉയർന്നതു മുഖ്യ സൂചികകൾക്കു ഗണ്യമായ കയറ്റം നൽകി. റിലയൻസിൻ്റെ വിപണിമൂല്യം 20 ലക്ഷം കോടി രൂപ കടന്നു. 2024 സെപ്റ്റംബറിനു ശേഷം ഇതാദ്യമാണ്.

വലിയ ഓഹരികളുടെ കയറ്റം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ പ്രതിഫലിച്ചില്ല. വില കയറുന്ന ഓഹരികളുടെയും കയറുന്ന ഓഹരികളുടെയും എണ്ണം തമ്മിലുള്ള അകലം വളരെ കുറഞ്ഞു. ഓഹരികളുടെ വിലനിലവാരം അവയുടെ ലാഭവുമായി തട്ടിച്ചു നോക്കുമ്പോൾ കൂടുതലാണെന്ന സംസാരം വിപണിയിൽ ഉണ്ട്. പ്രത്യേകിച്ചും മിഡ്, സ്മാേൾ ക്യാപ് ഓഹരികൾ സാധാരണയിൽ കവിഞ്ഞ പിഇ അനുപാതത്തിൽ ഓടുന്നത് അത്ര നല്ല നിക്ഷേപാവസരമല്ല നൽകുന്നത് എന്നു പരിചയസമ്പന്നർ പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ വിൽപന തുടർന്ന വിദേശനിക്ഷേപകർ ഇന്നലെ വലിയ തോതിൽ വാങ്ങിക്കൂട്ടി. ഇതു വിദേശികളുടെ സമീപനത്തിലെ മാറ്റത്തിൻ്റെ സൂചനയായി കണക്കാക്കുന്നു. അവർ ഇന്നു വരും, നാളെ വരും എന്നൊക്കെ ഫണ്ട് മാനേജർമാർ കുറേ ആഴ്ചകളായി പറയുന്നുണ്ടായിരുന്നു.

ഇന്നലെ നിഫ്റ്റി 304.25 പോയിൻ്റ് (1.21%) കുതിച്ചു കയറി 25,549.00 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1000.36 പോയിൻ്റ് (1.21%) നേട്ടത്തോടെ 83,755.87 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 585.55 പോയിൻ്റ് (1.03%) ഉയർന്ന് 57,206.70 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 345.70 പോയിൻ്റ് (0.59 ശതമാനം) നേട്ടത്തോടെ 59,227.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 77.75 പോയിൻ്റ് (0.42 ശതമാനം) കയറി 18,805.60 ൽ ക്ലോസ് ചെയ്തു.


വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. പക്ഷേ അനുപാതം ദുർബലമായിരുന്നു. ബിഎസ്ഇയിൽ 2097 ഓഹരികൾ ഉയർന്നപ്പോൾ 1900 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1474 എണ്ണം. താഴ്ന്നത് 1391 ഓഹരികൾ.

എൻഎസ്ഇയിൽ 69 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 22 എണ്ണമാണ്. 77 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 58 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെ വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി. നിഫ്റ്റി 50 സൂചികയിൽ 18 ഓഹരികൾ ഇന്നലെ ഒന്നര ശതമാനത്തിലധികം ഉയർന്നത് ഈ സാഹചര്യത്തിലാണ്. അതിൽ ഒൻപത് ഓഹരികൾ രണ്ടു ശതമാനത്തിലധികം കുതിച്ചു. വിദേശികൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 12,594.38 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 195.23 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

സാങ്കേതിക കണക്കുകൂട്ടലുകൾ മറി കടന്ന നിഫ്റ്റി ഇന്നലെ 25,550 നു തൊട്ടുതാഴെ ക്ലോസ് ചെയ്തു. റെക്കോർഡിൽ നിന്ന് നിഫ്റ്റി 2.5 ഉം സെൻസെക്സ് 2.4ഉം ശതമാനം മാത്രം താഴെയാണ്. കമ്പനികളുടെ മുൻകൂർ നികുതി കണക്കുകൾ ലാഭവളർച്ച മോശമാകും എന്ന സൂചന നൽകുന്നുണ്ട്.  അനാലിസ്റ്റുകളും ഒന്നാം പാദ റിസൽട്ടുകളെ പറ്റി അത്ര ആവേശം പ്രകടിപ്പിക്കുന്നില്ല. ഒന്നാം പാദത്തിൽ ലാഭവളർച്ച ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നാണു പലരുടെയും വിലയിരുത്തൽ.എങ്കിലും വിപണി അതത്ര കാര്യമാക്കുന്നതായി കാണുന്നില്ല.

ഈ ദിവസങ്ങളിൽ നിഫ്റ്റി 26,000ലേക്കു യാത്ര തുടരും എന്നാണു പൊതുവായ വിലയിരുത്തൽ. 25,650 -25,750 മേഖലയിൽ തടസം ഉണ്ടാകാം. ഇന്നു  നിഫ്റ്റിക്ക് 25,345 ഉം 25,265 ഉം പിന്തുണയാകും. 25,580 ലും 25,650 ലും തടസം ഉണ്ടാകാം.

സ്വർണം ചാഞ്ചാടുന്നു
യുദ്ധസാഹചര്യം മാറിയപ്പോൾ സ്വർണവിപണിയിൽ ഡോളറും പലിശയും നിർണായകമായി. ഫെഡ് ചെയർമാനെ നോക്കുകുത്തി ആക്കുകയോ രാജിവയ്പിക്കുകയോ ചെയ്യാവുന്ന തരം നീക്കങ്ങളാണ് ട്രംപ് നടത്തുന്നത്. പലിശനിരക്ക് ഇപ്പോഴത്തേതിലും രണ്ടോ രണ്ടരയോ ശതമാനം കുറയ്ക്കണം എന്നാണു ട്രംപ് പരസ്യമായി ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച റിപ്പാേർട്ടുകളും യുഎസ് ജിഡിപി വളർച്ച കുറഞ്ഞതും ഇന്നലെ സ്വർണത്തെ ഔൺസിന്  3008 ഡോളർ മുതൽ 3051 ഡോളർ വരെ ചാഞ്ചാടിച്ചു.3321.80 ൽ വ്യാപാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3319 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവന് വിലമാറ്റം ഇല്ലാതെ 72,560 രൂപയിൽ തുടർന്നു.

വെള്ളിവില ഔൺസിന് 36.56 ഡോളറിലേക്കു കയറി. 

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. ചെമ്പ് 3.09 ശതമാനം കുതിച്ചു ടണ്ണിന് 10,112.50 ഡോളറിൽ എത്തി. അലൂമിനിയം O.50 ശതമാനം കയറി 2580.15 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ഉയർന്നപ്പോൾ ലെഡ് താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് വില മാറ്റം ഇല്ലാതെ 159.50 സെൻ്റിൽ തുടർന്നു. കൊക്കോ 3.01 ശതമാനം കയറി ടണ്ണിന് 9146.71 ഡോളറിൽ എത്തി. കാപ്പി 0.59 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വിലയിൽ മാറ്റമില്ല.

ഡോളർ തിരിച്ചു കയറുന്നു
പലിശ, ഫെഡ് വിഷയങ്ങളിൽ തട്ടി  യുഎസ് ഡോളർ ഇന്നലെ വീണ്ടും പിന്നോട്ടു മാറി. എന്നാൽ ഇന്നു രാവിലെ തിരിച്ചു കയറി. വ്യാഴാഴ്ച സൂചിക താഴ്ന്ന് 97.15 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 97.39 ലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1692 ഡോളറിലും പൗണ്ട് 1.373 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 144. 67 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.257 ശതമാനത്തിലേക്ക് താഴ്ന്നു.

വ്യാഴാഴ്ച രൂപ മികച്ച നേട്ടം കുറിച്ചു. ഡോളർ 37 പൈസ നഷ്ടപ്പെട്ട്  85.71 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.17 യുവാൻ എന്ന നിലയിലേക്കു കയറി.

ക്രൂഡ് ഓയിൽ കയറി
ക്രൂഡ് ഓയിൽ വില നേരിയ കയറ്റം കുറിച്ചു. പ്രധാനമായും ഡോളറിൻ്റെ ദൗർബല്യം മൂലമാണത്. ബ്രെൻ്റ് ഇനം  ക്രൂഡ് ഇന്നു രാവിലെ 68.08 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 65.58 ഡോളറിലും  മർബൻ ക്രൂഡ് 68.32 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില നാലേകാൽ ശതമാനം  കുറഞ്ഞു.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ 1,07,100  ഡോളറിൽ എത്തി. ഈഥർ 2425 ഡോളറിനു താഴെയായി. 

വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com 

Article By
T C Mathew

Author : Rajesh EA 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Related Post

Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Mutual Funds

.

Categories

Advertisements