Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

വിപണികളിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ വില താഴുന്നു

വിപണികളിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ വില താഴുന്നു

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ തുടങ്ങിയതു വിപണികളിൽ പ്രതീക്ഷ വളർത്തി. എങ്കിലും വെള്ളിയാഴ്ചയും വാരാന്ത്യവും കടന്നാലേ ആശ്വാസത്തിനു പഴുതുള്ളു. അമേരിക്ക ചർച്ചകൾക്ക് രണ്ടാഴ്ച സമയം അനുവദിച്ചതാണു പുതിയ സംഭവ വികാസം. ഇന്നു യൂറോപ്യൻ യൂണിയനും ഇറാനുമായി ചർച്ച നടക്കും. വ്യാഴാഴ്ച കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ താഴ്ന്നു. സ്വർണവും താഴ്ചയിലായി.

Open A Free Demat Account Online

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,757 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,810 ലേക്കു കയറി. വിപണി ഇന്ന് അൽപം ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി
യൂറോപ്യൻ വിപണികൾ ഇന്നലെയും ഇടിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല. സ്വിസ് നാഷണൽ ബാങ്ക് നിരക്ക് 0.25 ശതമാനം കുറച്ചതോടെ പലിശ പൂജ്യം ശതമാനം ആയി. വിലക്കയറ്റത്തിനു പകരം വിലയിടിവാണ് സ്വിറ്റ്സർലൻഡിൽ ഇപ്പോൾ. മുൻപ് നെഗറ്റീവ് പലിശ നിരക്ക് നിലനിർത്തിയിട്ടുള്ള രാജ്യമാണു സ്വിറ്റ്സർലൻഡ്.

യുഎസ് വിപണി ഇന്നലെ അവധി ആയിരുന്നു. ഇസ്രയേൽ - ഇറാൻ യുദ്ധം തീർക്കാൻ ചർച്ചകൾക്ക് അവസരം നൽകിക്കൊണ്ട് യുദ്ധത്തിൽ ഇടപെടുന്ന തീരുമാനം രണ്ടാഴ്ച കഴിഞ്ഞേ എടുക്കൂ എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി ഇറാനുമായി ചർച്ച തുടങ്ങി. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇന്ന് ഇറാനുമായി ജനീവയിൽ ചർച്ച നടത്തുന്നുണ്ട്.

Open A Free Mutual Fund Account Online 

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഇന്നലെ 0.70 ശതമാനം വരെ ഡൗ ജോൺസ് സൂചികയുടെ ഫ്യൂച്ചേഴ്സ് താഴ്ന്നതാണ്. ഇന്നു ഫ്യൂച്ചേഴ്സ് നഷ്ടം കുറച്ചു. ഡൗ 0.36 ഉം എസ് ആൻഡ് പി 0.31 ഉം  നാസ്ഡാക് 0.28 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു  ഭിന്ന ദിശകളിലായി. ജപ്പാനിൽ നിക്കൈ 0.40 ശതമാനം ഉയർന്നിട്ടു താഴ്ന്നു. ജപ്പാനിൽ കാതൽ വിലക്കയറ്റം രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. അരിവില ഇരട്ടിയിലേറെ ആയി. ഇതു പലിശ കൂട്ടാൻ ബാങ്ക് ഓഫ് ജപ്പാനെ പ്രേരിപ്പിക്കും എന്നു കരുതപ്പെടുന്നു. കാെറിയൻ വിപണി അര ശതമാനം ഉയർന്നു. ഹോങ് കോങ് സൂചിക കയറി. ചൈനീസ് സൂചികകൾ താഴ്ന്നു. ചെെനയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ഇന്ത്യൻ വിപണി ചാഞ്ചാടുന്നു
പശ്ചിമേഷ്യൻ യുദ്ധവും സാമ്പത്തിക വളർച്ചയെ സംബന്ധിച്ച ആശങ്കയും  വ്യാഴാഴ്ച ഇന്ത്യൻ വിപണിയെ  ചാഞ്ചാട്ടത്തിലാക്കി. മുഖ്യ സൂചികകൾ കയറിയിറങ്ങിയിട്ട് ചെറിയ നഷ്ടത്തിൽ അവസാനിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകൾ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഉയരുന്ന ഒരോഹരിക്ക് അഞ്ചെണ്ണം താഴുന്നതായിരുന്നു ഇന്നലെ വിശാലവിപണിയുടെ നില. മീഡിയ, മെറ്റൽ, ഐടി, പൊതുമേഖലാ ബാങ്കുകൾ എന്നിവ വലിയ താഴ്ചയിലായി.

നിഫ്റ്റി 18.80 പോയിൻ്റ് (0.08%) താഴ്ന്ന് 24,793.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 82.79 പോയിൻ്റ് (0.10%) കുറഞ്ഞ് 81,361.87 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 251.30 പോയിൻ്റ് (0.45%) താഴ്ന്ന് 55,577.45 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 949.25 പോയിൻ്റ് (1.63 ശതമാനം) നഷ്ടത്തോടെ 57,159.95 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 365.35 പോയിൻ്റ് (1.99 ശതമാനം) ഇടിഞ്ഞ് 18,013.10 ൽ ക്ലോസ് ചെയ്തു.


വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 921 ഓഹരികൾ ഉയർന്നപ്പോൾ 3065 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 516 എണ്ണം. താഴ്ന്നത് 2363 ഓഹരികൾ.

എൻഎസ്ഇയിൽ 35 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 44 എണ്ണമാണ്. 46 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 107 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1008.43 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 365.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

യുദ്ധവും അനുബന്ധ കാര്യങ്ങളും തന്നെയാണു വിപണിഗതിയെ നിയന്ത്രിക്കുന്നത്. 24,700- 25,000 മേഖലയിൽ നിഫ്റ്റി ചുറ്റിക്കറങ്ങുകയാണ്. ഈ മേഖലയിൽ നിന്നു കടന്നാലേ നിഫ്റ്റിക്ക് ദിശാബോധം ലഭിക്കൂ. ഇന്നു  നിഫ്റ്റിക്ക് 24,745 ഉം 24,715 ഉം പിന്തുണയാകും. 24,850 ലും 24,930 ലും തടസം ഉണ്ടാകാം.

മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.

സ്വർണം കയറിയിറങ്ങി
സ്വർണവില ഇന്നലെയും ചാഞ്ചാട്ടത്തിലായി. ഔൺസിനു 3346 ഡോളറിൽ നിന്ന് 3384 വരെ കയറി. ഒടുവിൽ 3368.95 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3360 ഡോളറിലേക്കു താഴ്ന്നു. 

ഈ വർഷം ഇതുവരെ 30 ശതമാനം കുതിച്ചു കയറിയ സ്വർണം ഇനി താഴ്ന്നു വർഷാവസാനം ഔൺസിന് 3000 ഡോളറിൽ എത്തുമെന്നു സിറ്റി ഗ്രൂപ്പ് വിലയിരുത്തി. വെള്ളി 12 മാസത്തിനുള്ളിൽ ഔൺസിന് 40 ഡോളർ കടക്കുമെന്നാണ് അവർ പറയുന്നത്.

കേരളത്തിൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് 74,120 രൂപയായി.

വെള്ളിവില റെക്കോർഡ് നിലയിൽ നിന്ന് അൽപം താഴ്ന്നു. ഇന്നലെ  ഔൺസിന് 36.32 ഡോളറിൽ ക്ലോസ് ചെയ്തു.

Watch Youtube Channel Video

വ്യാഴാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി.  ചെമ്പ് 1.31 ശതമാനം ഇടിഞ്ഞു ടണ്ണിന് 9711.50 ഡോളറിൽ എത്തി. അലൂമിനിയം 1.34 ശതമാനം താഴ്ന്ന് 2523.05 ഡോളർ ആയി. നിക്കലും ലെഡും ഉയർന്നപ്പോൾ ടിന്നും സിങ്കും  താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.85 ശതമാനം താഴ്ന്ന് 163.80 സെൻ്റ് ആയി. കൊക്കോ 0.05 ശതമാനം ഉയർന്ന് ടണ്ണിന് 9617.47 ഡോളറിൽ എത്തി. കാപ്പി 0.09 ശതമാനം ഉയർന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില ഒരു ശതമാനം കയറി.

ഡോളർ താഴ്ന്നു
യുഎസ് ഡോളർ അൽപം താഴ്ന്നു. ഡോളർ സൂചിക 98.91 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 98.63 ആയി. 

കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.152 ഡോളറിലും പൗണ്ട് 1.34 8 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 145.16 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില മാറ്റമില്ലാതെ തുടർന്നു. അവയിലെ നിക്ഷേപനേട്ടം 4.395 ശതമാനമാണ്.

ബുധനാഴ്ചയും രൂപ ഇടിവിലായി. ഡോളർ 24 പൈസ കയറി മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന 86.72 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.19 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കുതിച്ചു, താഴ്ന്നു

പശ്ചിമേഷ്യൻ യുദ്ധം ആശങ്കാജനകമായ വിധം വളരും എന്ന ഭീതിയിൽ ക്രൂഡ് ഓയിൽ ഇന്നലെ മൂന്നു ശതമാനത്തോളം കുതിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ വീപ്പയ്ക്ക് 78.85 ഡോളർ വരെ എത്തി. എന്നാൽ ഇന്നലെ രാത്രി ശാന്തമാകുകയും ചർച്ചകൾക്കു വഴി തുറക്കുകയും ചെയ്തതോടെ വില താഴ്ന്നു. എന്നാൽ ആഭ്യന്തര സ്റ്റോക്ക് കുറഞ്ഞത് അമേരിക്കയിൽ വില ഉയർത്തി. ബ്രെൻ്റ് ഇനം  ഇന്നു  രാവിലെ രണ്ടു ശതമാനം താഴ്ന്ന് 77.36 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 76.02 ഡോളറിലും  മർബൻ ക്രൂഡ് 77.60 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില രണ്ടര ശതമാനം കുറഞ്ഞു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ് കോയിൻ 1,04,500 ഡോളറിനു മുകളിലാണ്. ഈഥർ 2520 ഡോളറിനു താഴെ തുടരുന്നു. 

വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com 

Article By
T C Mathew

Author : Rajesh EA 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.
www.sharemarketinmalayalam.com


Related Post

Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Mutual Funds

.

Categories

Advertisements