ക്രൂഡ് ഓയിൽ ഇടിയുന്നു; ഡോളർ കയറുന്നു
.jpg)
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക സൈനികമായി ഇടപെടുന്നതിലെ അനിശ്ചിതത്വം നീക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തയാറായില്ല. ഇതു വിപണികളെ അസ്വസ്ഥമാക്കുന്നു. ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. ഇന്നലെ നേരിയ താഴ്ചയിൽ അവസാനിച്ച ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു സൂചന.
ക്രൂഡ് ഓയിൽ വില ഇന്നലെ വീണ്ടും 77 ഡോളറിനു മുകളിൽ കയറിയിട്ട് ഇന്നു താഴ്ന്നു. സ്വർണം താഴുകയാണ്. ഡോളർ കയറി.
Open A Free Demat Account Online
യുഎസ് സാമ്പത്തിക വളർച്ച കുറയുമെന്നും വിലക്കയറ്റം വർധിക്കുമെന്നും വിലയിരുത്തിയ യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) ഇന്നലെ പലിശനിരക്ക് മാറ്റിയില്ല. ഫെഡറൽ ഫണ്ട്സ് റേറ്റ് ഡിസംബർ മുതൽ ഉള്ള 4.25- 4.50 ശതമാനത്തിൽ തുടരുന്നു. വർഷാവസാനത്തിനു മുൻപ് രണ്ടു തവണ നിരക്ക് കുറയ്ക്കാൻ സാധ്യത ഉള്ളതായി ഫെഡ് കമ്മിറ്റി വിലയിരുത്തി. ഫെഡ് ചെയർമാനെ മണ്ടൻ പവൽ എന്ന് പരിഹാസിക്കുകയും പലിശ രണ്ട് -രണ്ടര ശതമാനത്തിലേക്കു കുറയ്ക്കണം എന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്ത ശേഷമായിരുന്നു ഫെഡ് തീരുമാനം. സാമ്പത്തികവളർച്ച മുരടിക്കുകയും വിലക്കയറ്റം കുതിക്കുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ലേഷൻ അവസ്ഥയിലേക്കു യുഎസ് പോകുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ ആശങ്ക പ്രകടിപ്പിച്ചു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,809 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,730 ലേക്കു താഴ്ന്നു. വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
Open A Free Mutual Fund Account Online
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും ഇടിഞ്ഞു. ബ്രിട്ടനിലെ ടിഎസ്ബി ബാങ്കിനെ ഏറ്റെടുക്കാൻ നാറ്റ് വെസ്റ്റും സ്പാനിഷ് ബാങ്ക് സാൻ്റാണ്ടറും ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയിൽ മേയ് മാസത്തെ ചില്ലറ വിലക്കയറ്റം 3.4 ശതമാനമായി കുറഞ്ഞു. ഈ കുറവ് ഇന്നു പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ സഹായിക്കും.
ഫെഡ് പലിശ നിരക്ക് മാറ്റം വരുത്താതിരുന്നത് പ്രതീക്ഷിച്ച കാര്യമായിരുന്നെങ്കിലും അതിനു ശേഷം യുഎസ് വിപണി അൽപം താഴ്ന്നു.
ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ ഇടപെടാൻ പ്രസിഡൻ്റ് ട്രംപ് നടപടികൾ തുടങ്ങി. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും കൂടുതൽ കപ്പലുകളും വിമാനങ്ങളും എത്തിച്ചു ഇസ്രയേലിൽ നിന്ന് യുഎസ് പൗരരെ ഒഴിപ്പിക്കാനും നടപടി തുടങ്ങി ഇതിനിടെ അമേരിക്കയുമായി നേരിട്ടു ചർച്ചയ്ക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു. ചർച്ച നടക്കുമാേ എന്നു ട്രംപ് പറഞ്ഞില്ല. ഇസ്രയേലിലേക്കുള്ള ഇറാൻ്റെ മിസൈൽ ആക്രമണ തോത് കുറഞ്ഞത് അവരുടെ മിസൈൽ ശേഖരം തീരാറായതു കൊണ്ടാണെന്ന് ഇസ്രേലി വക്താക്കൾ അവകാശപ്പെട്ടു.
ഡൗ ജോൺസ് സൂചിക ഇന്നലെ 44.14 പോയിൻ്റ് (0.10%) താഴ്ന്ന് 42,171.66 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 1.85 പോയിൻ്റ് (0.03%) നഷ്ടത്തോടെ 5980.87 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 25.18 പോയിൻ്റ് (0.13%) വർധിച്ച് 19,546.27 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.31 ഉം നാസ്ഡാക് 0.40 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിൽ നിക്കൈ 0.80 ശതമാനം ഇടിഞ്ഞു. ഹോങ് കോങ്, ചൈനീസ് സൂചികകൾ താഴ്ന്നു.
ഇന്ത്യൻ വിപണി താഴ്ന്നു
പശ്ചിമേഷ്യൻ യുദ്ധവും സാമ്പത്തിക വളർച്ചയെ സംബന്ധിച്ച ആശങ്കയും ബുധനാഴ്ച ഇന്ത്യൻ വിപണിയെ താഴ്ത്തി. കൺസ്യൂമർ ഡ്യൂറബിൾസും വാഹനങ്ങളും ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും ഇടിഞ്ഞു.
നിഫ്റ്റി 41.35 പോയിൻ്റ് (0.17%) താഴ്ന്ന് 24,812.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 138.64 പോയിൻ്റ് (0.17%) കുറഞ്ഞ് 81,444.66 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 114.60 പോയിൻ്റ് (0.21%) കയറി 55,828.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 270.10 പോയിൻ്റ് (0.46 ശതമാനം) നഷ്ടത്തോടെ 58,109.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 41.90 പോയിൻ്റ് (0.23 ശതമാനം) ഇടിഞ്ഞ് 18,378.45 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1460 ഓഹരികൾ ഉയർന്നപ്പോൾ 2528 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1026 എണ്ണം. താഴ്ന്നത് 1850 ഓഹരികൾ.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
എൻഎസ്ഇയിൽ 50 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 20 എണ്ണമാണ്. 75 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 83 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 945.35 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 952.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
യുദ്ധവും അനുബന്ധ കാര്യങ്ങളും വിപണിഗതിയെ നിയന്ത്രിക്കുന്ന നാളുകൾ ആണ് ഇത്. 24,700- 25,000 മേഖലയിൽ നിന്നു കടന്നാലേ നിഫ്റ്റിക്ക് ദിശാബോധം ലഭിക്കൂ. ഇന്നു നിഫ്റ്റിക്ക് 24,760 ഉം 24,715 ഉം പിന്തുണയാകും. 24,910 ലും 25,030 ലും തടസം ഉണ്ടാകാം.
സ്വർണം ചാഞ്ചാടുന്നു
സ്വർണവില ഇന്നലെയും ചാഞ്ചാട്ടത്തിലായി. ഔൺസിനു 3361 ഡോളറിൽ നിന്ന് 3404 വരെ കയറി. ഒടുവിൽ 3369.55 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കയറി 3380 ഡോളറിൽ എത്തി.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 400 രൂപ വർധിച്ച് 74,000 രൂപയായി.
വെള്ളിവില റെക്കോർഡ് നിലയിൽ നിന്ന് അൽപം താഴ്ന്നു. ഇന്നലെ ഔൺസിന് 36.69 ഡോളറിൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.20 ശതമാനം കയറി ടണ്ണിന് 9840.50 ഡോളറിൽ എത്തി. അലൂമിനിയം 0.40 ശതമാനം ഉയർന്ന് 2557.43 ഡോളർ ആയി. നിക്കൽ, ലെഡ്, ടിൻ, സിങ്ക് എന്നിവ താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.35 ശതമാനം ഉയർന്ന് 165.20 സെൻ്റ് ആയി. കൊക്കോ 3.29 ശതമാനം താഴ്ന്ന് ടണ്ണിന് 9612.73 ഡോളറിൽ എത്തി. കാപ്പി 5.28 ശതമാനം താഴ്ന്നപ്പോൾ തേയില 7.03 ശതമാനം ഉയർന്നു.
Watch Youtube Channel Video
ഡോളർ ചാഞ്ചാടി
യുഎസ് ഡോളർ ഇന്നലെ കയറിയിറങ്ങി. ഡോളർ സൂചിക 98.91 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 98.96 ആയി.
കറൻസി വിപണിയിൽ ഡോളർ ശക്തമായി. യൂറോ 1.1477 ഡോളറിലും പൗണ്ട് 1.341 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 144.86 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കയറി. അവയിലെ നിക്ഷേപനേട്ടം 4.39 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ചയും രൂപ ഇടിവിലായി. ഡോളർ 24 പൈസ കയറി 86.48 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.19 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ കുറയുന്നു
പശ്ചിമേഷ്യൻ യുദ്ധം പുതിയ സംഭവങ്ങൾ ഇല്ലാതെ തുടർന്നപ്പോൾ ക്രൂഡ് ഓയിൽ താഴ്ന്നു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 76.13 ഡോളറിലാണ് ഡബ്ല്യുടിഐ ഇനം 74.86 ഡോളറിലും മർബൻ ക്രൂഡ് 75.86 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില അര ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ് കോയിൻ 1,04,800 ഡോളറിനു മുകളിലാണ്. ഈഥർ 2520 ഡോളറിനു താഴെയായി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Article By
T C Mathew
Author : Rajesh EA
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
www.sharemarketinmalayalam.com
Comment Form