വ്യാപാരയുദ്ധം വീണ്ടും മുറുകുന്നു

ഇന്ത്യൻ വിപണിയുടെ ശ്രദ്ധ റിസർവ് ബാങ്കിൽ; റീപാേ നിരക്ക് കാൽ ശതമാനം കുറക്കുമെന്ന് പ്രതീക്ഷ; വ്യാപാരയുദ്ധം വീണ്ടും മുറുകുന്നു; ക്രൂഡ് ഓയിൽ വില കുറയുന്നു
വ്യാപാരയുദ്ധം വീണ്ടും മുറുകുന്നതിനിടെ ഈയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ അവലോകനത്തിലാണ് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ ബുധൻ മുതൽ നടക്കുന്ന പണനയ കമ്മിറ്റിയുടെ തീരുമാനങ്ങൾ വെള്ളിയാഴ്ച രാവിലെ ഗവർണർ സഞ്ജയ് മൽഹോത്ര വിശദീകരിക്കും. എല്ലാവരും പ്രതീക്ഷിക്കുന്നത് റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കും എന്നാണ്. അരശതമാനം കുറവ് എസ്ബിഐ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ ജിഡിപി വളർച്ച 6.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ ഉയർന്ന പലിശ കുറയ്ക്കൽ വളർച്ച വേഗത്തിലാകാൻ സഹായിക്കും.
മേയിലെ ജിഎസ്ടി പിരിവ് രണ്ടു ലക്ഷം കോടി രൂപയിലധികം ഉണ്ടായി. എന്നാൽ റീഫണ്ടിനു ശേഷം 1.74 ലക്ഷം കോടി രൂപയാണ് അറ്റ നികുതി വരുമാനം. ഇറക്കുമതിയിലെ വളർച്ചയാണു നികുതിപിരിവ് കൂട്ടിയത്.
വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുകയാണ്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പതിവുപോലെ ഇളവും പ്രഖ്യാപിച്ചു. യൂറോപ്പിൽ നിന്നുളള സ്റ്റീലിനും അലൂമിനിയത്തിനും വ്യാഴാഴ്ച മുതൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ചതു ജൂലൈ ഒൻപതിനേ നടപ്പിൽ വരൂ. അതിനിടെ യൂറോപ്യൻ കമ്മീഷനുമായി ചർച്ച നടത്തും. ചർച്ച വിജയിക്കുന്നില്ലെങ്കിൽ പകരംചുങ്കം ചുമത്താൻ തങ്ങൾ മടിക്കില്ലെന്നു യൂറോപ്പ് വ്യക്തമാക്കി.ചൈന കരാർ ലംഘിച്ചെന്നു ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചു. യുഎസ് - ചെെന വ്യാപാര കരാർ ചർച്ച നിലച്ചു. അപൂർവധാതുക്കൾ യുഎസ് കമ്പനികൾക്കു നൽകാൻ ചൈന വിമുഖത കാട്ടുന്നതാണു വിഷയം. പ്രശ്നം പരിഹരിക്കാൻ ട്രംപും ചൈനീസ്പ്രസിഡൻ്റ് ഷി ചിൻപിങ്ങും ചർച്ച നടത്തും എന്നാണ് ഏറ്റവും ഒടുവിലെ സൂചന.
Open A Free Mutual Fund Account Online
തീരുവക്കാര്യത്തിൽ നിയമയുദ്ധം മൂലമുള്ള അവ്യക്തതയും തുടരുകയാണ്. ഈ അവ്യക്തത സ്വർണത്തെ വീണ്ടും ഉയർത്തുകയും ഡോളറിനെ താഴ്ത്തുകയും ചെയ്തു.
ഇതിനിടെ ഒപെക് രാജ്യങ്ങളും റഷ്യയും ചേർന്ന് ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതു ക്രൂഡ് വിലയെ താഴ്ത്തി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,897 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,801 വരെ താഴ്ന്നു. പിന്നീടു തിരിച്ചു കയറി. ഇന്നു വിപണി ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഭിന്നദിശകളിലാണ് നീങ്ങിയത്. ഫ്രഞ്ച് സൂചിക താഴ്ന്നു. മറ്റു സൂചികകൾ ഉയർന്നു. ചൈന - യുഎസ് വാണിജ്യ ചർച്ച മുടങ്ങിയ സ്ഥിതിയിൽ ആയത് വിപണിയെ ആശങ്കപ്പെടുത്തി.
യുഎസ് വിപണി വെള്ളിയാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി കൂടുതൽ താഴ്ന്നെങ്കിലും ക്ലോസിംഗിൽ നില മെച്ചപ്പെടുത്തി. തീരുവയുദ്ധം കൂടുതൽ മോശമാകും എന്ന സൂചനയോടെയാണു വ്യാപാരം അവസാനിച്ചത്.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 54.34 പോയിൻ്റ് (0.13%) ഉയർന്ന് 42,270.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 0.48 പോയിൻ്റ് (0.01%) നഷ്ടത്തോടെ 5911.69 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 62.11 പോയിൻ്റ് (0.32%) താഴ്ന്ന് 19,113.77 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 78 ഉം (0.19%) എസ് ആൻഡ് പി 13.60 ഉം (0.22%) നാസ്ഡാക് 69 ഉം (0.32%) പോയിൻ്റ് ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 1.25 ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ് വിപണിയും താഴ്ചയിലാണ്. ചൈനീസ് വിപണിക്ക് അവധിയാണ്.
വീണ്ടും അനിശ്ചിതത്വം
ഇന്ത്യൻ വിപണി അനിശ്ചിതത്വത്തിൻ്റെ പിടിയിൽ തുടരുന്നു. വെള്ളിയാഴ്ച തുടക്കത്തിൽ ചാഞ്ചാടിയ ശേഷം മുഖ്യസൂചികകൾ കൂടുതൽ താഴ്ന്നു. ഐടി, മെറ്റൽ, ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡുറബിൾസ്, ഫാർമ, ഓയിൽ, ഹെൽത്ത് കെയർ മേഖലകൾ താഴ്ചയിലായി.
വെള്ളിയാഴ്ച നിഫ്റ്റി 82.90 പോയിൻ്റ് (0.33%) താഴ്ന്ന് 24,750.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 182.01 പോയിൻ്റ് (0.22%) നഷ്ടത്തോടെ 81,451.01 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 203.65 പോയിൻ്റ് (0.37%) കയറി 55,749.70 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 37.25 പോയിൻ്റ് (0.06 ശതമാനം) താഴ്ന്ന് 57,420.00 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 6.10 പോയിൻ്റ് (0.03 ശതമാനം) കുറഞ്ഞ് 17,883.30 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1814 ഓഹരികൾ ഉയർന്നപ്പോൾ 2181 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1299 എണ്ണം. താഴ്ന്നത് 1581 ഓഹരികൾ.
എൻഎസ്ഇയിൽ 64 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 23 എണ്ണമാണ്. 100 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 71 എണ്ണം ലോവർ സർകീട്ടിൽ എത്തി. വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 6449.74 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 9095.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 25,000 കടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും 24,700 ലെ പിന്തുണ നിലനിർത്തി. ഇന്നും ഈ പിന്തുണ നിർണായകമാണ്. 24,900 ലെ തടസം മറികടന്നാൽ മുന്നോട്ടു വഴി തെളിയും. 24,700 ലെ പിന്തുണ നഷ്ടപ്പെടുത്തിയാൽ 24,450 - 24,500 ആകും അടുത്ത പിന്തുണ നില. ഇന്നു നിഫ്റ്റിക്ക് 24,720 ഉം 24,690 ഉം പിന്തുണയാകും. 24,835 ലും 24,925 ലും തടസം ഉണ്ടാകാം.
സ്വർണം ഇടിഞ്ഞു, കയറി
വാണിജ്യയുദ്ധഭീഷണി കുറഞ്ഞതും ഡോളർ ഉയർന്നതും കഴിഞ്ഞയാഴ്ച സ്വർണത്തെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. എന്നാൽ വാണിജയുദ്ധം കൂടുതൽ രൂക്ഷമാക്കുന്ന ട്രംപിൻ്റെ പ്രഖ്യാപനങ്ങൾ പുതിയ ആഴ്ചയുടെ തുടക്കത്തിൽ സ്വർണത്തെ ഒരു ശതമാനം ഉയർത്തി.
യുഎസ് ചില്ലറവിലക്കയറ്റത്തിൽ നേരിയ കയറ്റം കണ്ടത് പലിശ കുറയ്ക്കാൻ മാത്രം പര്യാപ്തമല്ല. ജൂൺ 18 ലെ യുഎസ് ഫെഡിൻ്റെ എഫ്ഒഎംസി യോഗം നിരക്ക് കുറയ്ക്കും എന്നു വിപണി കരുതുന്നുമില്ല.
ഔൺസിനു 3300 ഡോളറിൻ്റെ പിന്തുണ നഷ്ടപ്പെട്ട് സ്വർണം 3290.30 ഡോളറിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം ഒറ്റയടിക്ക് ഒരു ശതമാനം കുതിച്ച് 3322 ഡോളറിലേക്കു കയറി. പിന്നീട് 3310 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണം പവൻ 200 രൂപ കൂടി 71,360 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 33.19 ഡോളറിലേക്ക് ഉയർന്നു.
വെള്ളിയാഴ്ചയും വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴ്ന്നു. ചെമ്പ് 0.19 ശതമാനം കുറഞ്ഞു ടണ്ണിന് 9623.00 ഡോളറിൽ എത്തി. അലൂമിനിയം 0.25 ശതമാനം താഴ്ന്ന് 2435.34 ഡോളർ ആയി. ലെഡ്, സിങ്ക്, ടിൻ എന്നിവ താഴ്ന്നപ്പോൾ നിക്കൽ 0.30 ശതമാനം ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.53 ശതമാനം താഴ്ന്ന് 162 സെൻ്റ് ആയി. കൊക്കോ 6.50 ശതമാനം കുരിച്ച് ടണ്ണിന് 9762.61 ഡോളർ ആയി. കാപ്പി, തേയില എന്നിവയും താഴോട്ടാണ്.
ഡോളർ സൂചിക താഴുന്നു
ഡോളർ സൂചിക വെള്ളിയാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. തലേന്നു 99.28 ൽ ക്ലോസ് ചെയ്ത സൂചിക വെള്ളിയാഴ്ച 99.33 ൽ അവസാനിച്ചു. ഇന്നു രാവിലെ 99.24 ലേക്കു താഴ്ന്നു.
മറ്റു കറൻസികളോടു ഡോളർ അൽപം ഉയർന്നു. യൂറോ 1.1366 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.34 8 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 143.65 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.42 ശതമാനത്തിലേക്കു കയറി.
രൂപ വെള്ളിയാഴ്ച അൽപം താഴ്ന്നു. ഡോളർ ഏഴു പെെസ കയറി 85.57 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ താഴുന്നു
ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാൻ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളും റഷ്യ അടക്കം മിത്ര രാജ്യങ്ങളും വെള്ളിയാഴ്ച തീരുമാനിച്ചു. ഇത് ക്രൂഡ് ഓയിൽ വില താഴ്ത്തി. ജൂലൈയിൽ പ്രതിദിന ഉൽപാദനം 4.11 ലക്ഷം ബാരൽ കണ്ട് വർധിപ്പിക്കും. കുറേ വർഷം ഉൽപാദനം അഞ്ചു ശതമാനം കുറച്ചു നിർത്തിയ ഒപെക് പ്ലസ് കൂട്ടായ്മ ഏപ്രിലിലാണ് ഉൽപാദനം കൂട്ടിയത്. പിന്നീട് ഓരോ മാസവും വർധിപ്പിച്ചു പോന്നു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 63.90 ഉം ഡബ്ല്യുടിഐ 62.02 ഉം മർബൻ ക്രൂഡ് 63.23 ഉം ഡോളറിലേക്കു താഴ്ന്നു.
ക്രിപ്റ്റോകൾ ഇടിയുന്നു
ക്രിപ്റ്റോ കറൻസികൾ ദുർബലമാകുകയാണ്. ബിറ്റ് കോയിൻ
വീണ്ടു താഴ്ന്ന് 1.04 ലക്ഷം ഡോളറിൽ എത്തി. ഈഥർ 2500 ഡോളറിനു താഴെയായി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Article By
T C Mathew
Author : Rajesh EA
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form