മണപ്പുറം ഫിനാൻസിന്റെ പാർട്ണറായി ഇനി ബെയ്ൻ ക്യാപിറ്റലും; 18% ഓഹരി ആദ്യം ഏറ്റെടുക്കും, നിക്ഷേപം 4,385 കോടി.
.jpg)
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).
Open Free Demat Account Online
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപയ്ക്ക് ബെയ്ൻ ഏറ്റെടുക്കും. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് സ്ഥിരീകരിച്ചു. പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള നിശ്ചിത ഓഹരികളാണ് ഏറ്റെടുക്കുന്നത്.
യോഗ്യരായ നിക്ഷേപകർക്ക് നേരിട്ട് ഓഹരി വിൽക്കുന്ന രീതിയാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന. ഇതിനു പുറമെ, ഓഹരി വാറന്റ് ഇനത്തിലും കൈമാറും. നിശ്ചിത സമയത്തിനകം നിശ്ചിത വിലയിൽ ഓഹരി വാങ്ങാനുള്ള ധാരണയാണിത്. ആദ്യഘട്ടത്തിൽ ഓഹരിക്ക് 236 രൂപ വിലപ്രകാരം 9.29 കോടി ഓഹരികളാണ് ബെയ്ൻ വാങ്ങുക. മണപ്പുറം ഫിനാൻസിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരിവിലയേക്കാൾ 30% പ്രീമിയത്തിലാണ് (അധികവില) ഏറ്റെടുക്കൽ. ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXV വഴിയായിരിക്കും ഇടപാട്.റമെ മറ്റൊരു ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXIV വഴി തത്തുല്യ ഓഹരി വാറന്റും നൽകും.
പിന്നീട് ചട്ടപ്രകാരം നിർബന്ധമായ ഓപ്പൺ-ഓഫറിലൂടെ മണപ്പുറം ഫിനാൻസിന്റെ 26% ഓഹരികൾ കൂടി പൊതു നിക്ഷേപകരിൽ നിന്ന് ഓപ്പൺ-ഓഫർ വഴി ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുക്കും. ഇതോടെ, 40 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തവുമായി മണപ്പുറം ഫിനാൻസിന്റെ പാർട്ണർ ആയി ബെയ്ൻ മാറും. മണപ്പുറം ഫിനാൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഡയറക്ടറെ നിയമിക്കാനുള്ള അവകാശവും ലഭിക്കും. മണപ്പുറം ഫിനാൻസിന്റെ തത്തുല്യ നിയന്ത്രണാവകാശവും സ്വന്തമാകും. ഇടപാടിനുശേഷവും വി.പി. നന്ദകുമാറും കുടുംബവും 28.9% ഓഹരികൾ കൈവശം വയ്ക്കും. നിലവിൽ 35.25% ഓഹരി പങ്കാളിത്തമാണ് അവർക്കുള്ളത്.
അതേസമയം, ഇന്നലെ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇയിൽ 1.67% ഉയർന്ന് 217.49 രൂപയിലാണ് വ്യാപാരാന്ത്യത്തിൽ ഓഹരിവില. 2024 ജൂലൈ 19ന് കുറിച്ച 230.40 രൂപയാണ് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം. 18,409 കോടി രൂപയാണ് മണപ്പുറം ഫിനാൻസിന്റെ വിപണിമൂല്യം. മണപ്പുറം ഫിനാൻസിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസ് (Asirvad Micro Finance) പ്രാരംഭ ഓഹരി വിൽപന (IPO) നീക്കം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകൾ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form