ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികൾ മുന്നേറ്റത്തിൽ
ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ വിപണി നല്ല മുന്നേറ്റം കാഴ്ചവച്ചു. മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. ആദ്യ മണിക്കൂറിൽ നിഫ്റ്റി 24,000 നടുത്തു വരെ എത്തിയിട്ടു പിൻവാങ്ങി. സെൻസെക്സ് 76,300 നു മുകളിൽ കയറി.
ബാങ്ക്, ധനകാര്യ, ഓട്ടോ, ഓയിൽ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകളുടെ മികച്ച കുതിപ്പാണ് വിപണിയെ ഉയർത്തിയത്.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ഐഷർ മോട്ടോഴ്സിന് സിഎൽഎസ്എ 7651 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി.
50,000 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി ഉൽപാദന ശേഷി വർധിപ്പിക്കാൻ ഒരുങ്ങുന്ന എൻടിപിസി ക്കു ജെഫറീസ് 470 രൂപയും സിഎൽഎസ്എ 459 രൂപയും ലക്ഷ്യവില നിർണയിച്ചു. ഓഹരിക്കു വാങ്ങൽ ശിപാർശയും നൽകി.
ഇന്ധനവില നാലാമതും കൂട്ടുകയും ക്രൂഡ് ഓയിൽ വില ആറു ശതമാനത്തിലധികം ഇടിയുകയും ചെയ്തതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ആറു ശതമാനം വരെ ഉയർന്നു. എന്നാൽ ഒഎൻജിസിയും ഓയിൽ ഇന്ത്യയും രണ്ടു ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിൽ വില കാര്യമായി ബാധിക്കുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷനും ഏഷ്യൻ പെയിൻ്റ്സും രണ്ടു ശതമാനം ഉയർന്നു. നാലാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടർന്ന് ഇൻഡിഗോ പെയിൻ്റ്സ് രണ്ടു ശതമാനം താഴ്ന്നു .
വി 3 ഹെൽത്ത് കെയറിനെ 177 കോടി രൂപയ്ക്കു വാങ്ങാൻ തീരുമാനിച്ച പാർക്ക് മെഡി വേൾഡ് ഓഹരി അഞ്ചു ശതമാനം കയറി.
വരുമാനം 26 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 20 മടങ്ങായി ഉയർത്തിയ ഗ്രീൻലാം ഇൻഡസ്ട്രീസ് ഓഹരി 12 ശതമാനം കുറിച്ചു.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് നാരായണ ഹെൽത്ത് ഓഹരി ആറു ശതമാനത്തോള ഉയർന്നു. കമ്പനിയുടെ ലാഭമാർജിൻ 25-ൽ നിന്ന് 22 ശതമാനമായി കുറഞ്ഞു. കമ്പനി പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതികൾ തയാറാക്കി.
പ്രതിരോധ ടെക്നോളജി, പ്രിസിഷൻ എൻജിനിയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പരസ് ഡിഫൻസ് ഓഹരി രാവിലെ ഏഴു ശതമാനം ഉയർന്നു.
രൂപ ഇന്നു രാവിലെ നേട്ടം ഉണ്ടാക്കി. ഡോളർ 35 പൈസ കുറഞ്ഞ് 95.34 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.29 രൂപ വരെ താഴ്ന്ന ശേഷം 95.43 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4561 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കൂടി 1,16,880 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ താഴുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 97.76 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.90 ഡോളറിലും എത്തി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല




Comment Form