വിപണിയുടെ വളർച്ചയ്ക്കൊപ്പം നിക്ഷേപവും വളർത്താം
താരതമ്യേന കുറഞ്ഞ റിസ്കിൽ സുസ്ഥിരമായ വളർച്ച ആഗ്രഹിക്കുന്ന ഇന്നത്തെ നിക്ഷേപകർക്കിടയിൽ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് (ഇ.ടി.എഫ്) പ്രചാരം ഏറിവരികയാണ്. ഓരോരോ കമ്പനികളേയും കുറിച്ച് പഠിച്ചശേഷം, അതിൽ നിന്നും മികച്ച ഓഹരികൾ തിരഞ്ഞെടുക്കുന്നതിലെ സങ്കീർണതയും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി, വിപണിയുടെ മൊത്തത്തിലുള്ള വളർച്ചയിൽ (ഇൻഡക്സ് റിട്ടേൺസ്) പങ്കാളിയാകാൻ ഇ.ടി.എഫുകൾ സഹായിക്കുന്നു.
വിപണിയിലെ അനിശ്ചിതത്വങ്ങളെ മറികടന്ന്, ലളിതവും സുരക്ഷിതവുമായ ദീർഘകാല നിക്ഷേപ രീതികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായൊരു തുടക്കവുമാണിത്. അതേസമയം റിസ്ക് മാനേജ്മെന്റിനും സ്ഥിരതയാർന്ന വളർച്ചയ്ക്കും ഇ.ടി.എഫ് എങ്ങനെ ഉപകാരപ്പെടുമെന്ന് വിശദമായി നോക്കാം.
എന്താണ് ഇ.ടി.എഫ്?
ഓഹരികൾ, ബോണ്ടുകൾ, കമ്മോഡിറ്റികൾ തുടങ്ങിയ വിവിധ അസറ്റുകളുടെ നിർദിഷ്ട അനുപാതത്തിലുള്ള ഒരു നിക്ഷേപ സമാഹാരമാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫുകൾ (ETFs). ഇതിന്റെ രൂപകൽപ്പന ഒരു മ്യൂച്വൽ ഫണ്ടിന് സമാനമാണെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടേത് പോലെ തത്സമയം വ്യാപാരം ചെയ്യപ്പെടുന്നു എന്നതാണ് പ്രത്യേകത.
ഉദാഹരണത്തിന്, നിഫ്റ്റി-50 സൂചിക അടിസ്ഥാനമാക്കിയിരിക്കുന്ന ഒരു ഇ.ടി.എഫ് വാങ്ങുന്നതിലൂടെ, ഇന്ത്യയിലെ ഏറ്റവും മികച്ച 50 ലിസ്റ്റഡ് കമ്പനികളിൽ ഒരേസമയം നിക്ഷേപ വിഹിതം ഉറപ്പാക്കാൻ സാധിക്കും. അതായത് ഓരോരോ ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് പകരം അടിസ്ഥാനമാക്കിയിരിക്കുന്ന നിശ്ചിത സൂചികയേ അതേപടി അനുകരിക്കുകയാണ് ഇവിടെ ഫണ്ട് മാനേജർ ചെയ്യുന്നത്. ഇ.ടി.എഫുകളിലെ ഈ വൈവിധ്യവത്കരണം നിക്ഷേപത്തിലുള്ള റിസ്ക് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രധാന സവിശേഷതകൾ
തൽക്ഷണ വൈവിധ്യവത്കരണം: ഒരു നിക്ഷേപത്തിലൂടെ തന്നെ വിവിധ സെക്ടറുകളിലുള്ള കമ്പനികളുടെ ഓഹരികളിൽ പങ്കാളിത്തം ഉറപ്പാക്കാം. ഇതിലൂടെ ഒരു കമ്പനിയിലോ സെക്ടറിൽ നിന്നോ ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങളെ പ്രതിരോധിക്കാൻ എളുപ്പം കഴിയുന്നു.
കുറഞ്ഞ പരിപാലന ചെലവ്: സൂചികകളെ അടിസ്ഥാനമാക്കിയുള്ള പാസീവ് നിക്ഷേപ രീതിയായതിനാൽ, ആക്റ്റീവ് മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ഇവയുടെ എക്സ്പെൻസ് റേഷ്യോ വളരെ കുറവാണ്.
ലിക്വിഡിറ്റിയും ഫ്ലെക്സിബിലിറ്റിയും: ഓഹരികളെപ്പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്സമയം വ്യാപാരം ചെയ്യപ്പെടുന്നതിനാൽ നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും നിലവിലുള്ള വിപണി വിലയിൽ യൂണിറ്റുകൾ വാങ്ങാനോ വിൽക്കാനോ സാധിക്കും.
സുതാര്യത: ഇ.ടി.എഫുകൾ അവയുടെ നിക്ഷേപ പോർട്ട്ഫോളിയോ കൃത്യമായി വെളിപ്പെടുത്തുന്നതിനാൽ, നിക്ഷേപം എവിടെയാണ് വിനിയോഗിച്ചിരിക്കുന്നതെന്ന് നിക്ഷേപകർക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
സ്ഥിരതയുള്ള നേട്ടം: അടിസ്ഥാന സൂചികകളെ പിന്തുടരുന്നതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ വിപണിയുടെ ശരാശരി വളർച്ചയ്ക്ക് അനുസൃതമായ ആദായം നൽകാൻ ഇ.ടി.എഫുകൾക്ക് സാധിക്കാറുണ്ട്.
ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടം ലക്ഷ്യമിടുന്നവർക്ക് ഇ.ടി.എഫുകൾ മികച്ച നിക്ഷേപ മാർഗ്ഗമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ലഘൂകരിക്കുന്നതിനും നിക്ഷേപം കൃത്യമായി വിന്യസിക്കുന്നതിനും ഇത് സഹായകമാകും. അതായത് പോർട്ട്ഫോളിയോ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കാനും ഇ.ടി.എഫുകൾക്ക് സാധിക്കുമെന്ന് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് പി. സനൽ (SEBI Registration No. INH000022880) പറഞ്ഞു.
പോർട്ട്‌ഫോളിയോ നിർമ്മാണം: ശ്രദ്ധിക്കേണ്ടവ
കോർ പോർട്ട്‌ഫോളിയോ: നിഫ്റ്റി-50 അല്ലെങ്കിൽ സെൻസെക്സ് പോലുള്ള ബ്രോഡ് മാർക്കറ്റ് ഇ.ടി.എഫുകൾ അടിസ്ഥാന നിക്ഷേപമായി നിലനിർത്തുക.
സെക്ടറൽ വിന്യാസം: വളർച്ചാ സാധ്യതയുള്ള പ്രത്യേക മേഖലകളിൽ നിക്ഷേപിക്കാൻ സെക്ടർ ഇ.ടി.എഫുകൾ ഉപയോഗിക്കുക.
അസറ്റ് അലോക്കേഷൻ: ഇക്വിറ്റിക്കൊപ്പം ഗോൾഡ് ഇ.ടി.എഫ്, ഡെറ്റ് ഇ.ടി.എഫ് എന്നിവ ഉൾപ്പെടുത്തി നിക്ഷേപം ക്രമീകരിക്കുക.
പുനർക്രമീകരണം: വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കൃത്യമായ ഇടവേളകളിൽ പോർട്ട്‌ഫോളിയോ പുനർക്രമീകരണം (Rebalancing) നടത്തുക.
നിക്ഷേപകർ എന്ത് ചെയ്യണം?
\"ഓഹരി വിപണിയിൽ സജീവമായി ഇടപെടാൻ സമയമില്ലാത്തവർക്കും ഓരോരോ ഓഹരികളെയും കുറിച്ച് പഠിക്കാൻ താത്പര്യമില്ലാത്തവർക്കും അനുയോജ്യമായ നിക്ഷേപ രീതിയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ. വിപണിയുടെ മൊത്തത്തിലുള്ള വളർച്ചയിൽ പങ്കാളികളാകാൻ സഹായിക്കുന്ന ഈ രീതിയെ \'പാസീവ് ഇൻവെസ്റ്റിംഗ്\' എന്നാണ് വിശേഷിപ്പിക്കുന്നത്. അടിസ്ഥാനമാക്കിയിരിക്കുന്ന സൂചിക ഉയരുമ്പോൾ ഇ.ടി.എഫിന്റെ മൂല്യം വർധിക്കുകയും മറിച്ച് സൂചിക താഴോട്ട് പോകുമ്പോൾ മൂല്യം കുറയുകയും ചെയ്യുന്നു. ഓഹരികൾ തിരഞ്ഞെടുക്കുന്നതിലെ റിസ്ക് ഒഴിവാക്കി വിപണിയുടെ ശരാശരി ആദായം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. നിക്ഷേപത്തിൽ കൃത്യമായ അച്ചടക്കവും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയുമുണ്ടെങ്കിൽ ഇ.ടി.എഫുകൾ നേരിട്ട് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ സ്വയം നിക്ഷേപം നിയന്ത്രിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്ക് ഒരു അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും,\" റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല




Comment Form