റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താം?
ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ വിദേശ നിക്ഷേപകര്‍ക്ക് (FIIs) ഇപ്പോഴും നിര്‍ണായക പങ്കുണ്ട്. 2026 മാര്‍ച്ചില്‍ വിപണി സാക്ഷ്യംവഹിച്ച തകര്‍ച്ച ഇതിന് അടിവരയിടുന്നു. പെട്രോളിയം ശേഖരത്താല്‍ സമ്പന്നമായ പശ്ചിമേഷ്യയില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് (Risk off sentiment) ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഒരു മാസക്കാലയളവില്‍ റെക്കോഡ് തുകയായ 1.15 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. വന്‍തോതിലുള്ള ഇത്തരം വിറ്റഴിക്കല്‍ എന്‍എസ്ഇ നിഫ്റ്റി സൂചികയില്‍ 13 ശതമാനം തിരുത്തലിന് കാരണമായി. എന്തായാലും വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി നടത്തുന്ന ഓഹരി വില്‍പനയും വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടവും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചാഘട്ടം (ബുള്ളിഷ് ട്രെന്‍ഡ്) അവസാനിച്ചോ എന്നതാണ് പൊതുവായ സംശയം.
എന്നാല്‍, ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കും. വിദേശ നിക്ഷേപകര്‍ ഇന്‍ഡക്‌സ് ഓഹരികളില്‍ വിറ്റഴിക്കല്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയിലുള്ള വിശ്വാസം അവര്‍ പൂര്‍ണമായും കൈവെടിഞ്ഞിട്ടില്ല. അതിനാല്‍, വിപണിയിലെ ഈ താല്‍ക്കാലിക തകര്‍ച്ചയില്‍ ആശങ്കപ്പെടുന്നതിന് പകരം, മികച്ച ഗുണനിലവാരമുള്ള ഓഹരികള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള ഒരു അവസരമായി റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഇതിനെ കാണാവുന്നതാണെന്ന് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.
വ്യത്യസ്ത സമീപനങ്ങള്‍
2025ലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായ ഒരു പ്രധാന പ്രവണത പ്രൈമറി, സെക്കന്‍ഡറി വിപണികളില്‍ വിദേശ നിക്ഷേപകരുടെ മാറിയ മുന്‍ഗണനകളാണ്. സെക്കന്‍ഡറി വിപണിയില്‍ (ലിസ്റ്റ് ചെയ്ത ഓഹരികള്‍) വിദേശ നിക്ഷേപകര്‍ 2.31 ലക്ഷം കോടി രൂപയുടെ വിറ്റഴിക്കല്‍ നടത്തിയപ്പോള്‍, പ്രൈമറി വിപണിയില്‍ (ഐപിഒ/എഫ്പിഒ) 73,583 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ നടത്തിയത്.
വിദേശ നിേക്ഷപകരുടെ ഈ രീതി ഒരു പൂര്‍ണമായ പിന്മാറ്റത്തെയല്ല, മറിച്ച് പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണെന്ന് വായിച്ചെടുക്കാനാകും. മൂല്യമതിപ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഓഹരികള്‍ വിറ്റഴിച്ച്, കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമായ ഉയര്‍ന്ന വളര്‍ച്ച സാധ്യതയുള്ള പുതിയ ഐ.പി.ഒകളില്‍ നിക്ഷേപിക്കാനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.
ഈ വാല്വേഷന്‍ അധിഷ്ഠിത മാറ്റം സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആഗോള നിക്ഷേപകര്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെങ്കിലും അവര്‍ ഓഹരികളുടെ വിലയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ് എന്നാണ്. വിദേശ നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സെക്കന്‍ഡറി വിപണിയില്‍ വിറ്റഴിക്കല്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന വിലക്കുറവ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഗുണകരമായ സാഹചര്യമാണ് ഒരുക്കുന്നത്,\'\' സെബി അംഗീകൃത സ്വതന്ത്ര അനലിസ്റ്റ് പി. സനല്‍ പറയുന്നു.
വിപണിചരിത്രം പറയുന്നതെന്ത്?
കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള പിന്മാറ്റത്തിന് പിന്നാലെ 90 മുതല്‍ 180 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണി ശക്തമായി തിരിച്ചുവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സമീപകാലത്തെ ചില പ്രധാന വിറ്റഴിക്കലുകളും തുടര്‍ന്നുള്ള വിപണി മുന്നേറ്റങ്ങളും താഴെ നല്‍കുന്നു:
2020 മാര്‍ച്ച് (കോവിഡ് ലോക്ക്ഡൗണ്‍): വിദേശ നിക്ഷേപകര്‍ 61,973 കോടി രൂപ പിന്‍വലിച്ചെങ്കിലും തുടര്‍ന്നുള്ള ആറ് മാസത്തിനുള്ളില്‍ നിഫ്റ്റി 60% നേട്ടമുണ്ടാക്കി.
2022 (പലിശ നിരക്ക് വര്‍ധന): വിപണിയില്‍ നിന്ന് 1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതോടെ 15% ഇടിവുണ്ടായി. എന്നാല്‍ അടുത്ത 180 ദിവസത്തിനുള്ളില്‍ വിപണി ഈ നഷ്ടം നികത്തുക മാത്രമല്ല, 25 ശതമാനം അധിക നേട്ടം കൈവരിക്കുകയും ചെയ്തു.
2024 ഒക്ടോബര്‍: 94,017 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചപ്പോള്‍ വിപണിയില്‍ 10 ശതമാനം തിരുത്തലുണ്ടായി. എങ്കിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുത്ത ബ്ലൂ-ചിപ്പ് ഓഹരികള്‍ 28 ശതമാനം വരെ തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
റീറ്റെയ്ല്‍ നിക്ഷേപകര്‍ എന്ത് ചെയ്യണം?
നിലവിലെ വിപണി സാഹചര്യങ്ങളെ അതിജീവിക്കാന്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ വൈകാരികമായി തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് പകരം വസ്തുനിഷ്ഠമായ സമീപനമാണ് കൈക്കൊള്ളേണ്ടതെന്ന് വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ ഹാര്‍നെസ് ഫിന്‍ എന്‍ജിനീയറിങ് സൊല്യൂഷന്‍സിലെ ചീഫ് സ്ട്രാറ്റജിസ്റ്റും സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറുമായ സി.വി അനീഷ് ചന്ദ്രന്‍ പറഞ്ഞു.
വിറ്റഴിക്കലിന്റെ തോത് നിരീക്ഷിക്കുക: വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ സമ്മര്‍ദ്ദം കുറയുന്നത് ശ്രദ്ധിക്കുക. പ്രതിമാസ വിറ്റഴിക്കല്‍ 20,000 കോടി രൂപയില്‍ താഴെയായി ചുരുങ്ങുന്നത്, വിപണിയിലെ വന്‍തോതിലുള്ള ഇടിവ് അവസാനിക്കാറായെന്നും വിപണി ഒരു താഴ്ന്ന നിലവാരത്തില്‍ സ്ഥിരത കൈവരിക്കുമെന്നും സൂചിപ്പിക്കുന്നു.
എസ്.ഐ.പി-ലംപ്‌സം ഹൈബ്രിഡ് രീതി: റുപ്പി-കോസ്റ്റ് ആവറേജിങ്ങിന്റെ ഗുണം ലഭിക്കാന്‍ നിലവിലെ എസ്.ഐ.പി നിക്ഷേപങ്ങള്‍ തുടരുക. ഇതിനോടൊപ്പം വിപണിയിലെ തിരുത്തലുകള്‍ പ്രയോജനപ്പെടുത്താന്‍ പ്രത്യേകമായി ഒരു തുക മാറ്റിവെക്കാം. സൂചിക 10 ശതമാനം മുതല്‍ 15 ശതമാനം വരെ ഇടിയുമ്പോള്‍ ഈ തുക ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ലാഭം നല്‍കും.
ആഭ്യന്തര വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകളും ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങളുമാണ് വിദേശ നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ മുന്‍ഗണന നല്‍കേണ്ടത് ആഭ്യന്തര കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ക്കാണ്. നിലവില്‍ 12-14 ശതമാനം വളര്‍ച്ച നിരക്ക് നിലനിര്‍ത്തുന്ന ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ കരുത്തില്‍ വിശ്വസിച്ച് ദീര്‍ഘകാലനിക്ഷേപം തുടരാവുന്നതാണ്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല




Comment Form