നിഫ്റ്റി റിപ്പോർട്ട് നൽകുന്ന സൂചനയെന്ത്?
ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തോടെയാണ് ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയെ (2026 മേയ് 4-8) പിന്നിടുന്നത്. പ്രധാനപ്പെട്ട ഓഹരി സൂചികയായ എൻ.എസ്.ഇ നിഫ്റ്റിയിൽ 179 പോയിന്റ് (0.74%) നേട്ടം മേയ് മാസത്തിലെ ആദ്യ ആഴ്ചയിൽ രേഖപ്പെടുത്തി. ഇതിനിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നീക്കം നടന്നത്, മെയ് 6-ന് ഉച്ചയ്ക്ക് 2.15-നായിരുന്നു.
യുഎസ് — ഇറാൻ സമാധാന കരാറിനെക്കുറിച്ചുള്ള അനൗദ്യോഗിക വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് നിഫ്റ്റി സൂചിക 15 മിനിറ്റിനുള്ളിൽ 178 പോയിന്റ് കുതിച്ചുയർന്നിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ ഈ നേട്ടം നിലനിർത്താനോ ശക്തമായ റെസിസ്റ്റൻസ് ലെവലുകൾ മറികടക്കാനോ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞില്ല. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ തിരിച്ചടി നേരിട്ട് 24,176 നിലവാരത്തിലാണ് നിഫ്റ്റി സൂചിക ക്ലോസിങ് കുറിച്ചത്. നിലവിൽ ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിഫ്റ്റി സൂചികയിലുള്ള കാഴ്ചപ്പാട് \'ന്യൂട്രൽ\' (Neutral) ആയി തുടരുന്നു.
നിഫ്റ്റി — ഇനിയെന്ത്?
ടെക്നിക്കൽ അനാലിസിസ് പ്രകാരം പരിശോധിക്കുമ്പോൾ, നിലവിൽ നിഫ്റ്റി സൂചിക ഒരു നിശ്ചിത പരിധിക്കുള്ളിൽ (Narrow Range) വ്യാപാരം നടത്തുന്നതായാണ് കാണപ്പെടുന്നത്. വിപണിയിൽ പ്രകടമാകുന്ന ട്രെൻഡിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ടെക്നിക്കൽ ഇൻഡിക്കേറ്ററായ ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (എ.ഡി.എക്സ്), താഴേക്ക് നീങ്ങുന്നത് വിപണിയിൽ ഇപ്പോൾ കൃത്യമായ ഒരു ട്രെൻഡിന്റെ അഭാവത്തെയാണ് (മുന്നേറാനോ ഇടിയാനോ താത്പര്യമില്ല) സൂചിപ്പിക്കുന്നത്.
അതേസമയം പ്രധാനപ്പെട്ട ടെക്നിക്കൽ ട്രേഡിംഗ് സ്ട്രാറ്റജികളിലൊന്നായ ഇ.എം.എ ക്രോസ്ഓവർ പ്രകാരം, ഇപ്പോൾ ബുള്ളിഷ് സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും, ഒരു റേഞ്ച് ബ്രേക്ക്ഔട്ട് ഉണ്ടായാൽ മാത്രമേ പൂർണമായും വാങ്ങാമെന്ന നിലപാട് (ലോങ് പൊസിഷൻസ്) എടുക്കാൻ കഴിയുകയുള്ളൂ. നിലവിൽ നിഫ്റ്റി സൂചിക 24,425 നിലവാരത്തിനും 23,793-നും ഇടയിലുള്ള പരിധിയിൽ തങ്ങിനിൽക്കുകയാണ്. ഇനി നിഫ്റ്റി വീഴാൻ തുടങ്ങുകയാണെങ്കിൽ, പ്രധാനപ്പെട്ട സപ്പോർട്ട് നിലവാരം തകർക്കപ്പെടുന്നതിനൊപ്പം ബെയറിഷ് ഇ.എം.എ ക്രോസ്ഓവർ നടക്കുകയും ചെയ്താൽ മാത്രമാണ് പൂർണമായും ഷോർട്ട്സെൽ ചെയ്യാനുള്ള കളമൊരുങ്ങുകയുമുള്ളൂ.
അടുത്തയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ
1. കോർപ്പറേറ്റ് പ്രവർത്തന ഫലങ്ങൾ (Q4 Results): കാനറ ബാങ്ക്, ജെ.എസ്.ഡബ്ല്യു എനർജി, ടാറ്റ പവർ, ബി.പി.സി.എൽ, ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്, ഭാരതി എയർടെൽ, ടി.വി.എസ് മോട്ടോർ, പി.എഫ്.സി, സിപ്ല, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ മാർച്ച് പാദത്തിലെ പ്രവർത്തന ഫലങ്ങൾ അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കും.
2. സാമ്പത്തിക വിവരങ്ങൾ: മെയ് 12-ന് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്, മെയ് 14-ന് പുറത്തുവരുന്ന മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടങ്ങിയ വിവരങ്ങൾ ഇന്ത്യൻ വിപണിയിൽ നിർണായകമാകും. ഇതിനുപുറമെ, മ്യൂച്വൽ ഫണ്ട് ഇക്വിറ്റി ഇൻഫ്ലോ, ഫോറെക്സ് റിസർവ്, ബാങ്ക് ഡെപ്പോസിറ്റ് നിരക്കുകൾ, തൊഴിലില്ലായ്മ നിരക്ക് എന്നിവയും നിക്ഷേപകർ ശ്രദ്ധയോടെ നിരീക്ഷിക്കും.
3. ആഗോള വിപണി സൂചനകൾ: മെയ് 12-ന് പുറത്തുവരുന്ന യു.എസ് പണപ്പെരുപ്പ നിരക്ക് ആഗോള വിപണികളെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്. മെയ് 13-ലെ ക്രൂഡ് ഓയിൽ ഇൻവെന്ററി റിപ്പോർട്ട്, മെയ് 14-ലെ യു.എസ് തൊഴിലില്ലായ്മ വേതനം ആവശ്യപ്പെട്ടവരുടെ കണക്ക്, യു.കെ.യുടെ ജി.ഡി.പി എന്നിവയും നിക്ഷേപർ ശ്രദ്ധിക്കുന്ന ഇക്കണോമിക് ഡാറ്റകളാണ്.
4. പശ്ചിമേഷ്യയിൽ സമാധാനം: ഇറാനുമായുള്ള സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും നിലനിൽക്കുന്നതിനിടയിലും യു.എസിന്റെ പ്രധാന ഓഹരി സൂചികകളായ എസ്&പി-500, നാസ്ഡാക് എന്നിവ സർവകാല റെക്കോഡ് തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ യു.എസ്—ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായാൽ, അത് ഇന്ത്യൻ വിപണിക്കും ഗുണകരമാകും. നിലവിൽ ഇന്ത്യൻ വിപണി അതിന്റെ സർവകാല റെക്കോഡ് ഉയരമായ 26,373 നിലവാരത്തിൽ നിന്നും 8.33% താഴെയാണുള്ളത്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല




Comment Form