ട്രംപ് ലക്ഷ്മണരേഖ മറികടന്നോ?
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷവും ഗൗരവതരവുമായ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ക്രൂഡോയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ സ്ഥിതിചെയ്യുന്ന സൈനിക കേന്ദ്രങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളെ തടസ്സപ്പെടുത്തുന്ന നടപടി ഇനിയും തുടർന്നാൽ, ഖാർഗ് ദ്വീപിലുള്ള ഇറാന്റെ എണ്ണ ഉത്പാദക കേന്ദ്രങ്ങളെ വൈകാതെ തന്നെ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഖാർഗ് ദ്വീപിലെ റീഫൈനറി ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖലയിൽ യു.എസിന് പങ്കാളിത്തമുള്ളതും യു.എസുമായി സഹകരിക്കുന്നതുമായ എല്ലാ എണ്ണ കമ്പനികളേയും തർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതിമാറ്റം ഇന്ത്യൻ ഓഹരി വിപണിയേയും ക്രൂഡോയിൽ - സ്വർണം - വെള്ളി എന്നിവയുടെ വിലയേയും എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.
ക്രൂഡോയിൽ വിപണി
പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ വഷളാകുന്ന സാഹചര്യമുണ്ടായാൽ, സ്വാഭാവികമായും ഇതിന്റെ ആദ്യ ആഘാതം അനുഭവപ്പെടുന്നത് ക്രൂഡോയിൽ വിപണിയിലായിരിക്കും. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുന്ന വേളയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില 100 ഡോളർ നിലവാരത്തിന് മുകളിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ വീണ്ടും മോശമായാൽ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ നിരക്ക് 120 - 150 ഡോളർ വരെയെത്താം. ഇത് ആഗോള വ്യാപകമായ ആഘാതമുണ്ടാക്കുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
നിലവിൽ യുദ്ധം ആരംഭിച്ചതിനുശേഷവും പ്രതിദിനം 11 - 15 ലക്ഷം ബാരൽ ക്രൂഡോയിൽ ഖാർഗ് ദ്വീപിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ഇറാന്റെ 90 ശതമാനം ക്രൂഡോയിൽ കയറ്റുമതിയും ഇവിടെ നിന്നാണ്. അതുപോലെ ഇറാന്റെ മുഖ്യ വരുമാന സ്രോതസ്സും ഇതു തന്നെയാണ്. അതിനാൽ ഖാർഗ് ദ്വീപിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇറാനും രൂക്ഷമായി പ്രതികരിക്കാനുള്ള സാധ്യത നിലനിൽക്കുന്നത്.
ഇന്ത്യൻ വിപണി
പെട്രോളിയം കലവറയായ പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം വഷളാകുന്നത് ഇന്ത്യയെ സംബന്ധിച്ച് ഇരട്ട ആഘാതമാണ്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി ചെലവും കൂട്ടും. ഇത് പുറത്തേക്കുള്ള ഡോളർ ഒഴുക്കിന് ഇടയാകും. മറുവശത്ത് രൂപയുടെ വിനിമയ മൂല്യവും താഴും. ഇവയെല്ലാം ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് വഴി തെളിക്കാം. രാജ്യത്തെ പണപ്പെരുപ്പം ഉയരുകയും ചെയ്യാം.
ഈയൊരു പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടം നേരിട്ട് വ്യാപാരം ആരംഭിക്കാനാണ് സാധ്യതയേറെയെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയായ എൻ.എസ്.ഇ നിഫ്റ്റി-50യുടെ നിർണായക സപ്പോർട്ട് നിലവാരം 22,900 ആണ്. ഇവിടം തകർന്നാൽ 21,800 നിലവാരത്തിലേക്ക് നിഫ്റ്റി പിന്തള്ളപ്പെടാമെന്നും മാർക്കറ്റ് അനലിസ്റ്റുകൾ അഭിപ്രായം പങ്കുവെച്ചു.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form