Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

കിറ്റെക്‌സിനും ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കപ്പെടേണ്ടതുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്

കിറ്റെക്‌സിനും ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കപ്പെടേണ്ടതുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശും യുഎസും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവച്ചത്. 20 ശതമാനത്തില്‍ നിന്ന് തീരുവ 19 ശതമാനമാക്കി കുറച്ച ട്രംപ് ഭരണകൂടം ബംഗ്ലാദേശിന്റെ കാര്‍ഷിക വിപണിയിലേക്ക് കൂടുതല്‍ കടന്നുകയറ്റം നടത്താനുള്ള സ്വാതന്ത്രവും സ്വന്തമാക്കി. മറുവശത്ത്, ധാക്കയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിക്ക് കൂടുതല്‍ അനുകൂല സമീപനമാണ് യുഎസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ചില പ്രത്യേകതരം ഗാര്‍മെന്റ്‌സ് ഉത്പന്നങ്ങള്‍ യുഎസ് വിപണിയില്‍ സീറോ താരിഫില്‍ വില്ക്കാമെന്ന കരാറിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ വസ്ത്ര കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു ആദ്യഘട്ട വിലയിരുത്തല്‍. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള എല്ലാത്തരം വസ്ത്ര കയറ്റുമതിക്കും സീറോ തീരുവ ലഭിക്കില്ലെന്നതാണ് സത്യം.



യുഎസിന്റെ ലക്ഷ്യം ബിസിനസ്

ബംഗ്ലാദേശിന് മുന്നില്‍ നല്ല ഓഫര്‍ വച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് യുഎസ് ശ്രമിച്ചതെന്ന് പ്രത്യക്ഷത്തില്‍ തോന്നും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. തീര്‍ത്തും വാണിജ്യ താല്പര്യത്തില്‍ എടുത്ത തീരുമാനമാണിത്. യുഎസിന് ഒരൊറ്റ ലക്ഷ്യം മാത്രം, വസ്ത്ര നിര്‍മാണത്തിന് തങ്ങളുടെ രാജ്യത്തു നിന്നുള്ള കോട്ടണ്‍ ബംഗ്ലാദേശിനെ കൊണ്ട് വാങ്ങിപ്പിക്കുക.

ബംഗ്ലാദേശ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്‌സ്റ്റൈല്‍ ഉത്പാദകരിലൊന്നാണ്. യുഎസിലേക്കുള്ള കയറ്റുമതിയും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് അവര്‍ കോട്ടണ്‍ വാങ്ങുന്നത്. കൂടുതല്‍ ഗുണമേന്മയും കുറഞ്ഞ വിലയുമുള്ളതാണ് ഇന്ത്യന്‍ കോട്ടണ്‍. എന്നാല്‍ യുഎസില്‍ നിന്നുള്ള കോട്ടണ്‍ കൂടുതല്‍ വിലയേറിയതാണ്. ഗുണമേന്മ ഇന്ത്യയുടേതിനേക്കാള്‍ താഴ്ന്നതും.


യുഎസിലേക്ക് സീറോ താരിഫില്‍ എത്താമെന്ന് കരുതി അവിടെ നിന്നുള്ള കോട്ടണ്‍ വാങ്ങിയാല്‍ ബംഗ്ലാദേശിലെ മില്ലുകള്‍ക്ക് വലിയ തിരിച്ചടിയാകും. ഉത്പാദന ചെലവ് കുത്തനെ ഉയരും. യുഎസ് വിപണിയില്‍ മത്സരിക്കാനുള്ള പ്രാപ്തി കുറയും. ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 20 ശതമാനത്തിലധികം വിലകൂടുതലാണ് യുഎസ് കോട്ടണിനുള്ളത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശി കയറ്റുമതിക്കാര്‍ യുഎസ് കോട്ടണിനോട് വലിയ താല്പര്യം കാണിച്ചേക്കില്ല.


ഇന്ത്യയ്ക്ക് യൂറോപ്യന്‍ മാര്‍ക്കറ്റ് തുറക്കുന്നു

യുഎസ് മാര്‍ക്കറ്റിനൊപ്പം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇനി മുതല്‍ യൂറോപ്യന്‍ വിപണിയും വിശാലമായി കിട്ടുകയാണ്. ജനുവരി 27ന് ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ അനുസരിച്ച് ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലും തീരുവയില്ലാതെ പ്രവേശനം ലഭിക്കും. നിലവില്‍ ബംഗ്ലാദേശിന് യൂറോപ്യന്‍ വിപണിയിലേക്ക് സീറോ താരിഫാണ്. എന്നാല്‍ ഈ അനുകൂല്യം അധികം വൈകാതെ അവസാനിക്കും. അതോടെ 12.5 ശതമാനമെങ്കിലും നികുതി ബംഗ്ലാദേശിന്റെ ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് ഈടാക്കപ്പെടും.

ഓഹരികള്‍ക്ക് ഇന്നും ഇടിവ്

ബംഗ്ലാദേശുമായുള്ള കരാര്‍ വാര്‍ത്ത വന്നശേഷം ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഓഹരികള്‍ നഷ്ടത്തിലാണ്. ഇന്നും ട്രെന്റ് തുടരുന്നു. ഇന്ന് രാവിലെ കിറ്റെക്‌സ് ഓഹരികള്‍ നാലു ശതമാനത്തോളം ഇടിഞ്ഞു. ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള മറ്റ് സമാന ഓഹരികളും ഇടിവില്‍ തന്നെയാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form